കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ല ; കാലു വെട്ടുകയായിരുന്നു ലക്ഷ്യം ; അക്രമം നടത്തിയത് പാര്‍ട്ടി അറിവോടെ; ഷുഹൈബ് കേസിലെ പ്രതികളുടെ മൊഴി പുറത്ത്

കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ല ; കാലു വെട്ടുകയായിരുന്നു ലക്ഷ്യം ; അക്രമം നടത്തിയത് പാര്‍ട്ടി അറിവോടെ; ഷുഹൈബ് കേസിലെ പ്രതികളുടെ മൊഴി പുറത്ത്
കണ്ണൂര്‍ മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ കൊലപ്പെടുത്തിയത് പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിന്റ അറിവോടെയായിരുന്നെന്ന് പ്രതികളുടെ മൊഴി.ശുഹൈബ് അക്രമിക്കപ്പെടുമെന്നു പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിന് അറിയാമായിരുന്നു.

കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ല. കാല് വെട്ടാനായിരുന്നു ലക്ഷ്യം. കൃത്യം ചെയ്യുമ്പോഴാണ് കാല് വെട്ടിയെടുക്കണമെന്ന് തീരുമാനിച്ചത്. ഇതിനായിരുന്നു കൊട്ടേഷന്‍ കിട്ടിയത്. ഇനി പിടികിട്ടാന്‍ ഉള്ളവര്‍ പാര്‍ട്ടി ഗ്രാമങ്ങളില്‍ ഒളിവിലാണെന്നും പ്രതികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കൊലപാതക സംഘത്തില്‍ അഞ്ചുപേരെന്ന് പൊലീസ് പറയുന്നത്. അറസ്റ്റിലായ ആകാശ് തില്ലങ്കേരിയും റിജിന്‍രാജും സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

സംഭവത്തില്‍ അഞ്ചുപേരും നേരിട്ട് പങ്കെടുത്തവരാണ്. ശുഹൈബിനെ കാണിച്ചു കൊടുത്തത് രണ്ടുപേരാണ്,ഒരാള്‍ ഡ്രൈവറായി ഇരുന്നു. മറ്റൊരാള്‍ ബോംബെറിഞ്ഞു. തുടര്‍ന്ന് മൂന്ന് പേരാണ് വെട്ടിക്കൊലപ്പെടുത്തിയതെന്നും പൊലീസ് കരുതുന്നു. ദൃക്‌സാക്ഷികളും സമാന മൊഴിയാണ് നല്‍കിയത്.

അറസ്റ്റിലായ രണ്ട് പ്രതികള്‍ക്കും കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. രണ്ട് പേരും ശുഹൈബിനെ വെട്ടിവരാണെന്നും പൊലീസ് പറയുന്നു.

പൊലീസില്‍ കീഴടങ്ങിയ സിപിഎം പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തിയത് ഇന്നലെ രാത്രിയാണ്. തില്ലങ്കേരി സ്വദേശികളായ എം.വി.ആകാശ് എന്ന ആകാശ് തില്ലങ്കേരി, രജിന്‍ രാജ് എന്നിവരാണ് ഇന്നലെ സിപിഎം പ്രാദേശിക നേതാക്കള്‍ക്കൊപ്പമെത്തി കീഴടങ്ങിയത്. ഇവരുടെ സുഹൃത്ത് കൂടിയായ ശ്രീജിത്തും പൊലീസ് കസ്റ്റഡിയിലുണ്ട്. മൂവരും ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന വിനീഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ്.

Other News in this category4malayalees Recommends