ഏഴു പേര്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചത് ; കുടിവെള്ളം ചോദിച്ചപ്പോള്‍ മൂക്കിലേക്ക് വെള്ളമൊഴിച്ചു ; മര്‍ദ്ദനമേറ്റ് മരിച്ച മധുവിന്റെ മൊഴി പുറത്ത്

ഏഴു പേര്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചത് ; കുടിവെള്ളം ചോദിച്ചപ്പോള്‍ മൂക്കിലേക്ക് വെള്ളമൊഴിച്ചു ; മര്‍ദ്ദനമേറ്റ് മരിച്ച മധുവിന്റെ മൊഴി പുറത്ത്
അട്ടപ്പാടി അഗളിയില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ മരണമൊഴി പുറത്ത്. നാട്ടുകാരുടെ മര്‍ദ്ദനത്തെത്തുടര്‍ന്നാണ് മരണപ്പെട്ടതെന്ന് സ്ഥിരീകരിക്കുന്ന മൊഴികളാണ് പുറത്ത് വന്നിരിക്കുന്നത്. ഏഴ് പേര്‍ ചേര്‍ന്നാണ് തന്നെ മര്‍ദ്ദിച്ചത്. കാട്ടില്‍ നിന്നും പിടികൂടിയ തന്നെ കള്ളനെന്ന് പറഞ്ഞാണ് നാട്ടുകാര്‍ അടിക്കുകയും ചവിട്ടുകയും ചെയ്തത്. കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ ചിലര്‍ തന്റെ മൂക്കിലേക്കാണ് വെള്ളം ഒഴിച്ചതെന്നും' മധുവിന്റെ മൊഴിയില്‍ പറയുന്നു. ഈ മൊഴി നല്‍കി അല്‍പ്പ സമയത്തിനകം തന്നെ മധു മരിച്ചെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്

ഹുസൈന്‍, മാത്തച്ചന്‍, മനു,അബ്ദുള്‍ റഹ്മാന്‍, അബ്ദുള്‍ ലത്തീഫ്, അബ്ദുള്‍ കരീം, എ.പി ഉമ്മര്‍ എന്നിവരാണ് മധുവിനെ പൊലീസിന് കൈമാറിയത്. മാത്രമല്ല മധു മോഷ്ടിച്ചതാണെന്ന് പറഞ്ഞ് കുറച്ച് അരിയും പൊലീസ് വാഹനത്തില്‍ കയറ്റിയതായി എഫ്.ഐ.ആര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ എഫ്.ഐ.ആറില്‍ എവിടെയും മധുവിന് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് പറയുന്നില്ല.

കാട്ടില്‍ നിന്നും പിടിച്ച് കൊണ്ടുവന്ന മധുവിനെ വ്യാഴാഴ്ച മൂന്ന് മണിയോടെയാണ് നാട്ടുകാര്‍ മുക്കാലി ജംഗ്ഷനിലെ സി.ഐ.ടി.യു വെയിറ്റിംഗ് ഷെഡിലെത്തിച്ചത്. തുടര്‍ന്ന് പൊലീസ് എത്തുകയായിരുന്നെന്നും എഫ്.ഐ.ആര്‍ പറയുന്നു. സ്റ്റേഷനിലേക്ക് കൊണ്ടുപോവുന്ന വഴിക്ക് മധു ഛര്‍ദിക്കുകയും അവശ നിലയിലാവുകയും ചെയ്തു. ബോധമില്ലാതായ മധുവിനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും പരിശോധിച്ച ഡോക്ടര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്നും എഫ്.ഐ.ആര്‍ വ്യക്തമാക്കുന്നു.

Other News in this category



4malayalees Recommends