ദുബായ് ഭരണാധികാരിയുടെ പേര് കൊത്തിയ വാച്ച് ലേലത്തിന്

ദുബായ് ഭരണാധികാരിയുടെ പേര് കൊത്തിയ വാച്ച് ലേലത്തിന്
ദുബായ്: യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ പേര് ആലേഖനം ചെയ്ത റോളക്‌സ് വാച്ച് ലേലത്തിന്.

ക്രിസ്റ്റീസിന്റെ ദുബായ് ലേലത്തിലാണ് ശൈഖ് മുഹമ്മദിന്റെ പേര് ഡയലില്‍ കൊത്തിയ വാച്ച് വില്‍പ്പനക്കെത്തുന്നത്. 5,80,000 ദിര്‍ഹത്തോളം (ഒരു കോടിയിലധികം രൂപ ) വില വരും വാച്ചിനെന്നാണ് കണക്കാക്കുന്നത്. യു.എ.ഇ. രൂപീകൃതമായ സമയത്ത് രാജ്യത്തിന്റെ ആദ്യ പ്രതിരോധ മന്ത്രിയായി ശൈഖ് മുഹമ്മദ് സ്ഥാനമേറ്റു. ഇത്രയും പ്രധാനപ്പെട്ട വകുപ്പ് കൈകാര്യം ചെയ്യുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായിരുന്നു ശൈഖ് മുഹമ്മദ്.

ഈ കാലത്താണ് അദ്ദേഹത്തിന്റെ പേര് കൊത്തിയ വാച്ചുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. ലേലത്തിലെത്തുന്ന വാച്ചും ഈ ശേഖരത്തില്‍ നിന്നാണെന്ന് ക്രിസ്റ്റീസിന്റെ വാച്ച് വിഭാഗം ഹെഡ് റെമി ജൂലിയ പറഞ്ഞു. വ്യക്തികള്‍ക്ക് വേണ്ടി നിര്‍മിച്ച റോളക്‌സ് വാച്ചുകള്‍ വളരെ വിലപ്പെട്ട സമ്മാനമാണ്. അതുകൊണ്ട് തന്നെ വാച്ചുകള്‍ ശേഖരിക്കുന്നവരുടെ ഏറ്റവും വലിയ ആകര്‍ഷണവുമാണിതെന്ന് റെമി ജൂലിയ പറഞ്ഞു. ഈ വാച്ചിനൊപ്പം വിലപിടിപ്പുള്ള മറ്റ് 219 വാച്ചുകളും ജുമേര എമിറേറ്റ്‌സ് ടവേഴ്‌സില്‍ ഈ മാസം 20 മുതല്‍ പ്രദര്‍ശിപ്പിക്കും. 23 നാണ് ലേലം.
Other News in this category4malayalees Recommends