ഉമ്മുല്‍ഖുവൈനില്‍ മലിനജലസംസ്‌കരണ സ്റ്റേഷന്‍ പൂര്‍ത്തിയായി

ഉമ്മുല്‍ഖുവൈനില്‍ മലിനജലസംസ്‌കരണ സ്റ്റേഷന്‍ പൂര്‍ത്തിയായി
ഉമ്മുല്‍ഖുവൈന്‍: വെള്ളം പാഴാക്കിക്കളയാതിരിക്കാനും അവ കൃഷി ആവശ്യങ്ങള്‍ക്കടക്കം ഉപയോഗിക്കാനുമായി ഉമ്മുല്‍ഖുവൈനില്‍ നിര്‍മിച്ച മലിനജലസംസ്‌കരണ സ്റ്റേഷന്‍ പ്രവര്‍ത്തനത്തിന് സജ്ജമായി. സംസ്‌കരിച്ചെടുക്കുന്ന ജലം കാര്‍ഷികാവശ്യങ്ങള്‍ക്ക് മാത്രമല്ല പാര്‍ക്കുകള്‍ നനയ്ക്കാനും മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കാനാണ് പദ്ധതി.

യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ നേതൃത്വം നല്‍കിയ പ്രത്യേകസമിതിയുടെ നിര്‍ദേശത്തില്‍ പൂര്‍ത്തിയാക്കിയ പദ്ധതിയുടെ നിര്‍മാണച്ചെലവ് 2.2 കോടി ദിര്‍ഹമാണ്. ഫാക്ടറികളില്‍നിന്നും മറ്റ് വ്യവസായ സ്ഥാപനങ്ങളില്‍നിന്നും പുറംതള്ളുന്ന വെള്ളം ശുദ്ധീകരിച്ച് അവയിലെ രാസ, മലിന പദാര്‍ഥങ്ങള്‍ നീക്കംചെയ്താണ് സ്റ്റേഷന്‍വഴി പുനരുപയോഗം നടത്തുന്നത്.

എമിറേറ്റിലെ ഹരിതമേഖലകളുടെ വികസനമാണ് മലിനജലസംസ്‌കരണ സ്റ്റേഷന്‍വഴി ലക്ഷ്യമിടുന്നതെന്ന് പദ്ധതി നിര്‍മാണസമിതി ചെയര്‍മാനും പ്രസിഡന്‍ഷ്യല്‍ കാര്യ ഉപമന്ത്രിയുമായ അഹമ്മദ് ജുമാ അല്‍ സാബി പറഞ്ഞു. പ്രതിദിനം 12.75 ലക്ഷം ഗാലന്‍ വെള്ളം പുതിയ സ്റ്റേഷന്‍ വഴി ശുദ്ധീകരിക്കാന്‍ സാധിക്കും. യു.എ.ഇ.യില്‍ കാര്‍ഷികമേഖലയുടെ വികസനത്തിന് ഊന്നല്‍ നല്‍കി പൂര്‍ത്തിയാക്കുന്ന നിരവധി പദ്ധതികളില്‍ ഉള്‍പ്പെടുന്നതാണ് ഉമ്മുല്‍ഖുവൈനിലെ മലിനജലസംസ്‌കരണ സ്റ്റേഷന്‍.
Other News in this category4malayalees Recommends