ട്രംപ് വ്യാപാരയുദ്ധത്തിന്, ഇറക്കുമതി ചുങ്കം വര്‍ധിപ്പിക്കുന്ന ഉത്തരവില്‍ ട്രംപ് ഒപ്പിട്ടു ഇന്ത്യയെയും പ്രതികൂലമായി ബാധിക്കും

ട്രംപ് വ്യാപാരയുദ്ധത്തിന്,  ഇറക്കുമതി ചുങ്കം വര്‍ധിപ്പിക്കുന്ന ഉത്തരവില്‍ ട്രംപ് ഒപ്പിട്ടു ഇന്ത്യയെയും പ്രതികൂലമായി ബാധിക്കും
വാഷിങ്ടണ്‍: അമേരിക്കന്‍ വ്യാപാരരംഗം സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട് സ്റ്റീലിന്റെയും അലൂമിനിയത്തിന്റെയും ഇറക്കുമതി ചുങ്കം കുത്തനെ ഉയര്‍ത്തുന്ന വിവാദ ഉത്തരവില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചു. പുതിയ വ്യാപാര യുദ്ധത്തിനാണ് ട്രംപിന്റെ നീക്കം തുടക്കംകുറിച്ചിരിക്കുന്നതെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

സ്റ്റീലിന് 25 ശതമാനവും, അലൂമിനിയത്തിന് 10 ശതമാനവും ഇറക്കുമതി ചുങ്കമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ നിരക്കുകള്‍ 15 ദിവസത്തിനുള്ളില്‍ പ്രാബല്യത്തില്‍ വരും. കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അമേരിക്കയുടെ പുതിയ തീരുമാനത്തില്‍ ഇന്ത്യയുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

സ്റ്റീല്‍, അലൂമിനിയം തൊഴിലാളികളുടെ സാന്നിധ്യത്തിലാണ് വൈറ്റ്ഹൗസില്‍ വച്ച് ട്രംപ് വിവാദ ഉത്തരവില്‍ ഒപ്പുവച്ചത്. നീതീകരണമില്ലാത്ത വ്യാപാരത്തില്‍ മറ്റു രാജ്യങ്ങള്‍ അമേരിക്കയെ ചൂഷണം ചെയ്യുകയായിരുന്നുവെന്ന് ആരോപിച്ച ട്രംപ്, പുതിയ നടപടി രാജ്യത്തെ വ്യവസായ മേഖലയ്ക്ക് ഊര്‍ജം പകരുമെന്ന് അവകാശപ്പെട്ടു.

ചൈനയില്‍ ഇറക്കുമതി ചെയ്യുന്ന അമേരിക്കന്‍ കാറുകള്‍ക്ക് 25 ശതമാനം നികുതിയാണ് ഈടാക്കുന്നത്. എന്നാല്‍ അമേരിക്കയില്‍ ഇറക്കുമതി ചെയ്യുന്ന ചൈനീസ് വാഹനങ്ങള്‍ക്ക് 2.5 ശതമാനം മാത്രമാണ് ഈടാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പരസ്പരപൂരക നികുതി സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, അമേരിക്കയ്ക്ക് തിരിച്ചടി നല്‍കുമെന്ന് ചൈന, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയ നിരവധി രാജ്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പുതിയ നികുതി ഏര്‍പ്പെടുത്തുന്നത് എതിര്‍ക്കുകയാണ്. നികുതി വര്‍ധന റദ്ദാക്കുന്നതിനുള്ള നിയമ നിര്‍മാണത്തിന് രൂപം നല്‍കുമെന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജെഫ് ഫ്‌ളെയ്ക്ക് പ്രസ്താവിച്ചു. വ്യാപാര യുദ്ധങ്ങള്‍ എപ്പോഴും തോല്‍വിയിലാണ് കലാശിച്ചിട്ടുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹൗസ് സ്പീക്കറും റിപ്പബ്ലിക്കന്‍ നേതാവുമായ പോള്‍ റയനും, ട്രംപിന്റെ നീക്കത്തില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

ഇറക്കുമതി ചുങ്കം വര്‍ധിപ്പിക്കാനുള്ള തീരുമാനം കയറ്റുമതി രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യയെ ബാധിക്കുമെന്ന് വാണിജ്യവകുപ്പ് സെക്രട്ടറി റീത്ത ടെയോഷിയ വ്യക്തമാക്കി. ലോക വ്യാപാരസംഘടനയുടെ ഉടമ്പടിയില്‍ നിന്നുള്ള വ്യതിചലനമാണ് അമേരിക്കയുടെ തീരുമാനമെന്നും അന്തിമമായ ഉത്തരവ് വന്നശേഷം ആവശ്യമായ തീരുമാനം കൈക്കൊള്ളുമെന്നും റീത്ത പറഞ്ഞു.
Other News in this category4malayalees Recommends