ഷാര്‍ജ ഡ്രൈവിങ് ലൈസന്‍സ് കേരളത്തില്‍, പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലെന്ന് മുഖ്യമന്ത്രി

ഷാര്‍ജ ഡ്രൈവിങ് ലൈസന്‍സ് കേരളത്തില്‍, പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലെന്ന് മുഖ്യമന്ത്രി
ദുബായ്: ഷാര്‍ജ സര്‍ക്കാരിന്റെ ഡ്രൈവിങ് ലൈസന്‍സ് കേരളത്തില്‍ വച്ച് നല്‍കാനുളള പദ്ധതി പുരോഗമിക്കുന്നതായി മുഖ്യമന്ത്രിയുടെ ഓഫീസ്. ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ കേരള സന്ദര്‍ശനവേളയില്‍ മുഖ്യമന്ത്രി മുന്നോട്ട് വച്ച ആവശ്യത്തെ തുടര്‍ന്നാണ് നടപടി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തോട് ഷാര്‍ജ ഭരണാധികാരി അനുകൂലമായി പ്രതികരിച്ചിരുന്നു.

പദ്ധതി നടപ്പാക്കാനുള പദ്ധതി അന്തിമഘട്ടത്തിലാണ്. ഷാര്‍ജ ഉദ്യോഗസ്ഥര്‍ കേരളത്തില്‍ താമസിച്ച് ടെസ്റ്റ് നടത്തി ഇവിടെ വച്ച് ലൈസന്‍സ് നല്‍കുന്ന സംവിധാനമാണ് വരുന്നത്. മലപ്പുറം എടപ്പാളില്‍ പ്രവര്‍ത്തിക്കുന്ന ഡ്രൈവര്‍ ട്രെയിനിങ് ആന്റ് റിസര്‍ച്് ഇന്‍സ്റ്റിറ്റിയുട്ടീനെ ഡ്രൈവിങ് ടെസ്റ്റിനുള്ള കേന്ദ്രമാക്കി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്.

കംപ്യൂട്ടറൈസ്ഡ് ഡ്രൈവ് ടെസ്റ്റ് ട്രാക്കില്‍ ലൈസന്‍സ് ടെസ്റ്റ് നടത്താനാണ് ധാരണ. ഇന്ത്യന്‍ രീതിയില്‍ ഡ്രൈവിങ് ലൈസന്‍സ് നേടുന്നതിനുളള സംവിധാനം ഇപ്പോള്‍ എടപ്പാളില്‍ നിലവിലുണ്ട്. ഷാര്‍ജയിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത ശേഷം കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കും. ഷാര്‍ജയിലേക്ക് പോകാന്‍ ഒരുങ്ങുന്നവര്‍ക്ക് അവിടുത്തെ നിയമങ്ങള്‍ക്ക് അനുസൃതമായി ഡ്രൈവിങ് പരിശീലനം നേടാനുളള നടപടികളും സ്വീകരിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
Other News in this category



4malayalees Recommends