പൊടിയില്‍ മുങ്ങി ദുബായിയും ഷാര്‍ജയും

പൊടിയില്‍ മുങ്ങി ദുബായിയും ഷാര്‍ജയും
ദുബായ്: ഞായറാഴ്ച യു.എ.ഇ.യുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടു. മൂടിക്കെട്ടിയ അന്തരീക്ഷം ദൂരക്കാഴ്ച ഗണ്യമായി കുറച്ച് മണിക്കൂറുകളോളം തുടര്‍ന്നു.

ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലാണ് പൊടിനിറഞ്ഞ കാലാവസ്ഥ അനുഭവപ്പെട്ടത്. 2000 മീറ്ററില്‍ താഴെയാണ് ദൂരക്കാഴ്ചയെന്നും വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് ട്വിറ്ററില്‍ അറിയിച്ചു. അബുദാബിയിലും പൊടിക്കാറ്റുണ്ടായിരുന്നെങ്കിലും ദൂരക്കാഴ്ചയെ സാരമായി ബാധിച്ചില്ല. ഞായറാഴ്ച രാവിലെ ഓഫീസില്‍ പോകാനിറങ്ങിയവരെ കനത്ത പൊടിയും മൂടിക്കെട്ടിയ അന്തരീക്ഷവും വലച്ചു. പൊടിമൂടിയ കാലാവസ്ഥ ചൊവ്വാഴ്ചവരെ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

ഓരോ സീസണ്‍ മാറുമ്പോഴും പൊടിക്കാറ്റുണ്ടാകുന്നത് യു.എ.ഇ.യിലെ കാലാവസ്ഥയുടെ പ്രത്യേകതയാണ്. ശക്തമായ കാറ്റുണ്ടാകില്ലെങ്കിലും പൊടി പാറിക്കുന്ന ചെറിയ കാറ്റ് രണ്ടുദിവസംകൂടി അനുഭവപ്പെടും. കഴിഞ്ഞ ദിവസങ്ങളില്‍ പകല്‍സമയങ്ങളില്‍ ചൂട് കൂടിയിരുന്നു. ചൂടുംതണുപ്പും മാറി വരുന്നതിനാല്‍ ആസ്തമയും അലര്‍ജിയുമുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യവിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കി. ചൂടുംതണുപ്പും ചേര്‍ന്ന് കാലാവസ്ഥ പലതരം രോഗങ്ങള്‍ പരക്കുന്ന സമയംകൂടിയാണ്. ചെറിയ കുട്ടികളും പ്രായമായവരും പ്രത്യേകം ശ്രദ്ധിക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു.
Other News in this category4malayalees Recommends