അമേരിക്കയില്‍ മാറിക്കയറിയ വിമാനത്തില്‍ നിന്ന് ചാടിയിറങ്ങിയ യാത്രക്കാരന്‍ അറസ്റ്റില്‍

അമേരിക്കയില്‍ മാറിക്കയറിയ വിമാനത്തില്‍ നിന്ന് ചാടിയിറങ്ങിയ യാത്രക്കാരന്‍ അറസ്റ്റില്‍
വാഷിങ്ടണ്‍: വിമാനത്തില്‍ മാറിക്കയറിയ യാത്രക്കാരന്‍ പാര്‍ക്കിങ് ബേയില്‍ വലിയ പ്രതിസന്ധിയുണ്ടാക്കി. ന്യൂജഴ്‌സി ന്യൂവാര്‍ക്ക് ലിബര്‍ട്ടി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിലാണ് സംഭവം.

മൈക്രോനേഷ്യക്കാരനായ ട്രോയ് ജി ഫ്യട്ടുന്‍ എന്ന 25കാരനാണ് പ്രതിസന്ധിയുണ്ടാക്കിയത്. യുണൈറ്റഡ് എയര്‍ലൈസന്‍സ് വിമാനത്തിലാണ് ഇയാള്‍ മാറിക്കയറിയത്. അബദ്ധം മനസിലാക്കിയ ഉടന്‍ തന്നെ എമര്‍ജന്‍സി വാതില്‍ ബലമായി തുറക്കുകയും അതിലൂടെ താഴേക്ക് നിരങ്ങി ഇറങ്ങി രക്ഷപ്പെടാന്‍ ശ്രമിക്കുകയുമായിരുന്നു.

എമര്‍ജന്‍സി വാതില്‍ തുറക്കുന്ന ശബ്ദവും പുറത്തേക്ക് ചാടാനുളള ബഹളവുമൊക്കെ കേട്ട സഹയാത്രക്കാര്‍ വിമാനം പൊട്ടിത്തെറിക്കുകയാണെന്ന് കരുതി ഭയന്ന് വിറച്ചു. ഇതോടെ വിമാനജീവനക്കാരും അങ്കലാപ്പിലായി. താഴെയെത്തിയ ഉടന്‍ തന്നെ ഫ്യട്ടുനെ പൊലീസ് പിടികൂടി. അതിക്രമിച്ച് കടക്കല്‍, ക്രിമിനല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ തുടങ്ങിയ വകുപ്പുകളും ഇയാള്‍ക്ക് മേല്‍ ചുമത്തിയിട്ടുണ്ട്.

ടാമ്പയിലേക്ക് പോകേണ്ടിയിരുന്ന വിമാനമായിരുന്നു ഇത്. സംഭവത്തെ തുടര്‍ന്ന് അഞ്ച് മണിക്കൂറോളം വിമാനം വൈകി. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ കയറ്റി വിട്ടു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Other News in this category4malayalees Recommends