ഇംഗിതത്തിന് വഴങ്ങിയില്ലെങ്കില്‍ സ്വസ്ഥമായി ജോലി ചെയ്യാനനുവദിക്കില്ല;രാത്രി ജോലിക്ക് നിര്‍ത്തുന്നു;എക്‌സ്സൈസ് വകുപ്പില്‍ വനിതാ ഓഫീസര്‍മാരെ പീഡിപ്പിക്കുന്നതായി പരാതി

ഇംഗിതത്തിന് വഴങ്ങിയില്ലെങ്കില്‍ സ്വസ്ഥമായി ജോലി ചെയ്യാനനുവദിക്കില്ല;രാത്രി ജോലിക്ക് നിര്‍ത്തുന്നു;എക്‌സ്സൈസ് വകുപ്പില്‍ വനിതാ ഓഫീസര്‍മാരെ പീഡിപ്പിക്കുന്നതായി പരാതി
കോഴിക്കോട്: കേരളത്തിന് നാണക്കേടുണ്ടാക്കുന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. എക്‌സൈസ് വകുപ്പില്‍ വനിതാ ജീവനക്കാരെ പുരുഷ ഉദ്യോഗസ്ഥര്‍ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന് പരാതി. വനിതാ ഓഫീസര്‍മാരെ പുഴുക്കളെ പോലെയാണ് കരുതുന്നതെന്ന് അവര്‍ പറയുന്നു. സിവില്‍ എക്‌സൈസ് ഉദ്യോഗസ്ഥന്മാര്‍ മുതല്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വരെ ദുഷ്ട ലാക്കോടെയാണ് തങ്ങളെ സമീപിക്കുന്നതും, അവരുടെ ഇംഗിതത്തിന് വഴങ്ങിയില്ലെങ്കില്‍ സ്വസ്ഥമായി ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്നും വനിതാ ജീവനക്കാരുടെ പരാതിയില്‍ പറയുന്നു.

എക്‌സൈസ് വകുപ്പിലെ പീഡനം സംബന്ധിച്ച് ഒരുകൂട്ടം വനിതാ ജീവനക്കാര്‍ പരാതി നല്‍കിയെന്ന വാര്‍ത്ത മാതൃഭൂമി ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മനുഷ്യാവകാശ കമ്മീഷന്‍, എക്‌സൈസ് കമ്മീഷണര്‍, വനിതാ കമ്മീഷന്‍, എക്‌സൈസ് മന്ത്രി എന്നിവര്‍ക്കാണ് വനിതാ ജീവനക്കാര്‍ പരാതി നല്‍കിയിരിക്കുന്നത്.

എക്‌സൈസ് റെയ്ഞ്ച് ഓഫീസുകളില്‍ വനിതാ ജീവനക്കാര്‍ക്ക് പ്രത്യേക ടോയ്‌ലറ്റോ, വിശ്രമിക്കാനുള്ള സൗകര്യമോ ഇല്ല. പലപ്പോഴും രാത്രികളില്‍ ഉദ്യോഗസ്ഥര്‍ അനാവശ്യമായി ഓഫീസിലേക്ക് വിളിച്ചുവരുത്തുന്നു. ഡ്യൂട്ടി കഴിഞ്ഞാല്‍ വീട്ടില്‍ പോകാന്‍ സമ്മതിക്കുന്നില്ല തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് ഒരു കൂട്ടം വനിതാ ജീവനക്കാര്‍ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. മിക്ക എക്‌സൈസ് ഓഫീസുകളിലും ഡ്യൂട്ടി സമയത്ത് മദ്യപിക്കുന്ന പുരുഷ ഓഫീസര്‍മാര്‍ക്കൊപ്പം ജോലി ചെയ്യേണ്ടി വരുന്നതായും ഇവരുടെ പരാതിയില്‍ ആരോപിക്കുന്നുണ്ട്.

സൗകര്യപ്രദമായ സ്ഥലത്ത് ജോലി ചെയ്യണമെന്നുണ്ടെങ്കില്‍ വകുപ്പിലെ മേലുദ്യോഗസ്ഥരെയോ അസോസിയേഷന്‍ ഭാരവാഹികളെയോ തൃപ്തിപ്പെടുത്തേണ്ട അവസ്ഥയാണുള്ളതെന്നും വനിതാ ജീവനക്കാര്‍ ആരോപിക്കുന്നുണ്ട്.

ജോലി ചെയ്യാനുള്ള സാഹചര്യം നഷ്ടമാകുമെന്ന് ഭയന്നാണ് തങ്ങളുടെ പേര് വെളിപ്പെടുത്താന്‍ മടിക്കുന്നതെന്നും പരാതിയിലുണ്ട്. സംസ്ഥാന എക്‌സൈസ് വകുപ്പിലെ പുരുഷ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണമുന്നയിച്ചുള്ള പരാതി എക്‌സൈസ് മന്ത്രി, എക്‌സൈസ് കമ്മീഷണര്‍, മനുഷ്യാവകാശ കമ്മീഷന്‍, വനിത കമ്മീഷന്‍ എന്നിവര്‍ക്കാണ് നല്‍കിയിട്ടുള്ളത്. വനിതാ ജീവനക്കാരുടെ പരാതിയില്‍ എക്‌സൈസ് കമ്മീഷണര്‍ അടിയന്തര നടപടി സ്വീകരിക്കുകയും ചെയ്തു. സംഭവത്തില്‍ മൂന്നു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് എക്‌സൈസ് കമ്മീഷണര്‍ എല്ലാ ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്കും നിര്‍ദേശം നല്‍കി.

Other News in this category4malayalees Recommends