സൗദിയില്‍ വിദേശികള്‍ക്കുള്ള ലെവിയില്‍ ചെറിയ ഇളവ്

സൗദിയില്‍ വിദേശികള്‍ക്കുള്ള ലെവിയില്‍ ചെറിയ ഇളവ്
റിയാദ്: സൗദി അറേബ്യയിലെ സര്‍ക്കാര്‍ പദ്ധതികള്‍ കരാറെടുത്ത കമ്പനികളിലെ വിദേശ ജീവനക്കാര്‍ക്ക് ലെവിയില്‍ ഇളവ് അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. 2016 ഡിസംബര്‍ 22ന് മുമ്പ് കരാര്‍ ഏറ്റെടുത്ത കമ്പനികള്‍ക്കാണ് ആനുകൂല്യമെന്നും മന്ത്രിസഭ വ്യക്തമാക്കി.

വിദേശ തൊഴിലാളികള്‍ക്ക് ലെവി ഏര്‍പ്പെടുത്തിയതോടെ സര്‍ക്കാര്‍ പദ്ധതികള്‍ ഏറ്റെടുത്ത വന്‍കിട കരാര്‍ കമ്പനികള്‍ക്കുപോലും വലിയ ബാധ്യതയാണ് ഉണ്ടായത്. ആയിരം തൊഴിലാളികളുള്ള കമ്പനികള്‍ ഈ വര്‍ഷംമാത്രം 48 ലക്ഷം റിയാല്‍ ലെവി അടയ്ക്കാന്‍ നിര്‍ബന്ധിതരായി. ഇതുസംബന്ധിച്ച് സൗദി ചേംബര്‍ ഓഫ് കൗണ്‍സിലിനു കീഴിലുളള ദേശീയ കോണ്‍ട്രാക്ടിങ് സമിതിയും വിവിധ മന്ത്രാലയങ്ങള്‍ക്ക് പരാതിയും പരിഹാരമാര്‍ഗങ്ങളും സമര്‍പ്പിച്ചിരുന്നു. ഇതു പരിഗണിച്ചാണ് സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ കൂടിയ മന്ത്രിസഭാ യോഗം ലെവിയില്‍ ഇളവ് അനുവദിക്കാന്‍ തീരുമാനിച്ചത്.

ധനകാര്യം, വാണിജ്യം, തൊഴില്‍ തുടങ്ങിയ മന്ത്രാലയങ്ങള്‍ ഇളവ് അനുവദിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ തയ്യാറാക്കും. 2016 ഡിസംബര്‍ 22നു മുമ്പ് കരാര്‍ ഒപ്പുവെച്ച സര്‍ക്കാര്‍ പദ്ധതികളിലെ വിദേശ തൊഴിലാളികള്‍ക്ക് അടച്ച ലെവി മടക്കി നല്‍കും. കരാര്‍ തുകയില്‍ ലെവി ഉള്‍പ്പെടെയുള്ള ചെലവുകള്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് സ്വകാര്യ കരാര്‍ കമ്പനികള്‍ക്ക് ഇളവ് അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
Other News in this category



4malayalees Recommends