ആര്‍സിസിയില്‍ നിന്ന് നല്‍കിയത് വിഷ രക്തം ; മകള്‍ ഡോക്ടര്‍മാരുടെ ഇടയിലെ ക്രിമിനലുകളുടെ ഗൂഢാലോചനയുടെ ഇരയെന്ന് പിതാവ്
തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ (ആര്‍സിസി) നിന്ന് രക്തം സ്വീകരിച്ചതിനെ തുടര്‍ന്നാണ് ആലപ്പുഴ സ്വദേശിയായ 10 വയസുള്ള പെണ്‍കുട്ടിക്ക് എച്ച് ഐ വി ബാധിച്ചതെന്ന് സ്ഥിരീകരീച്ചു. എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയാണ് ഇതു കണ്ടെത്തിയത്. എച്ച് ഐ വി തിരിച്ചറിയാന്‍ സാധിക്കാതെ പോയത് വിന്‍ഡോ പിരീഡില്‍ രക്തം നല്കിയതു കൊണ്ടാണ്. 48 പേരുടെ രക്തം ചികിത്സക്കിടെ കുട്ടിക്ക് നല്‍കിയിരുന്നു. ഇതില്‍ ഒരാള്‍ എച്ച് ഐ വി ബാധിതനാണെന്നാണ് എയ്ഡ്സ് കണ്ട്രോള് സൊസൈറ്റി കണ്ടെത്തിയത്. പെണ്‍കുട്ടി ഈ മാസം 11 ന് ന്യുമോണിയ ബാധിച്ച് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ വച്ച് മരിച്ചിരുന്നു.
മകള്‍ ഡോക്ടര്‍മാരുടെ ഇടയിലെ ക്രിമിനലുകളുടെ ഗൂഡാലോചനയുടെ ഇരയാണെന്ന് കുട്ടിയുടെ അച്ഛന് സംഭവം അറിഞ്ഞ ശേഷം പ്രതികരിച്ചിരുന്നു. എന്തിനാണ് ആര്‍സിസി നാടകം കളിച്ചതെന്നും അദ്ദേഹം ചോദിച്ചു. എച്ച് ഐ വി ബാധിച്ച വിവരം അറിഞ്ഞിട്ടും ആവശ്യമായ ചികിത്സ നല്‍കിയില്ലെന്നും അദ്ദേഹം ആരോപിച്ചു.
ആര്‍സിസിയില്‍ നിന്നും എയ്ഡസ് ബാധിച്ചതായി ആക്ഷേപം വന്നതിനു ശേഷം കുട്ടിയെ മാതാപിതാക്കള്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോയിരുന്നു. അവിടെയാണ് പിന്നീട് തുടര്‍ചികിത്സ നടത്തിയിരുന്നത്.