കര്‍ണാടകയില്‍ ആര് ? സഖ്യത്തില്‍ വിള്ളലുണ്ടാക്കാന്‍ ബിജെപി ; എംഎല്‍എമാരെ നാടുകടത്താന്‍ കോണ്‍ഗ്രസ്

കര്‍ണാടകയില്‍ ആര് ? സഖ്യത്തില്‍ വിള്ളലുണ്ടാക്കാന്‍ ബിജെപി ; എംഎല്‍എമാരെ നാടുകടത്താന്‍ കോണ്‍ഗ്രസ്
കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ധാരണയിലെത്തിയ കോണ്‍ഗ്രസ് ജനതാദള്‍ എസ് സഖ്യത്തില്‍ വിള്ളലുണ്ടാക്കാനുള്ള ശ്രമത്തില്‍ ബിജെപി. ജനതാദളുമായി കൂട്ടുകൂടുന്നതില്‍ എതിര്‍പ്പുള്ള കോണ്‍ഗ്രസ് അംഗങ്ങളെ സഖ്യത്തില്‍ നിന്നും അടര്‍ത്തിയെടുക്കാനാണ് ബിജെപി ശ്രമം. ഇതിന്റെ ഭാഗമായി ലിംഗായത്ത് വിഭാഗത്തില്‍പ്പെട്ട 10 കോണ്‍ഗ്രസ് എംഎല്‍എമാരുമായി ബിജെപി ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. ചില കോണ്‍ഗ്രസ് അംഗങ്ങള്‍ തങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചെന്ന് കാണിച്ചുള്ള കത്ത് ബിജെപി ഗവര്‍ണര്‍ക്ക് കൈമാറിയതായും സൂചനയുണ്ട്.

എന്നാല്‍ ഗവര്‍ണറുടെ തീരുമാനം തങ്ങള്‍ക്ക് പ്രതികൂലമെങ്കില്‍ കോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ തീരുമാനിച്ചിരിക്കുന്നത്. ജനതാദള്‍ എസുമായി സഖ്യത്തിലെത്തിയ തങ്ങള്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഭൂരിപക്ഷമുണ്ടെന്നും അതിനാല്‍ തങ്ങളെ ആദ്യം ക്ഷണിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. ബിജെപി കുതിരക്കച്ചവടം തുടങ്ങിയതോടെ തങ്ങളുടെ എംഎല്‍എമാരെ മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റാന്‍ കോണ്‍ഗ്രസ്, ജനതാദള്‍ നേതൃത്വം നീക്കം തുടങ്ങി. ചില എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്. അത് ലംഘിച്ച് വോട്ട് ചെയ്താല്‍ അയോഗ്യത നടപടി നേരിടേണ്ടിവരും.

ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപി ഒരാഴ്ച സമയം തേടിയിരിക്കുന്നത് ഗവര്‍ണര്‍ അംഗീകരിച്ചു. ഏറ്റവും വലിയ ഒറ്റകക്ഷിയായ തങ്ങളെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. ബിജെപി ദേശീയ ആസ്ഥാനത്ത് പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രി സുഷമ സ്വരാജ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ നിര്‍ണ്ണായക യോഗം നടക്കുകയാണ്.

Other News in this category4malayalees Recommends