തൃത്താല എം.എല്‍.എ വി.ടി. ബല്‍റാമിന് 'നന്മ'യുടെ ആദരം

തൃത്താല എം.എല്‍.എ വി.ടി. ബല്‍റാമിന് 'നന്മ'യുടെ ആദരം

ന്യൂജെഴ്‌സി: അമേരിക്കയില്‍ പര്യടനം നടത്തുന്ന തൃത്താല എംഎല്‍എ വി.ടി. ബല്‍റാമിനെ 'നന്മ' (നോര്‍ത്ത് അമേരിക്കന്‍ നെറ്റ്‌വര്‍ക്ക് ഓഫ് മലയാളി മുസ്ലിംസ് അസ്സോസിയേഷന്‍സ്) ആദരിച്ചു.മെയ് 13 ഞായറാഴ്ച ന്യൂജെഴ്‌സിയിലെ എഡിസണ്‍ ഹോട്ടലില്‍ ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രവര്‍ത്തനോദ്ഘാടന വേദിയിലാണ് 'നന്മ' പ്രസിഡന്റ് യു.എ. നസീര്‍, ജനറല്‍ സെക്രട്ടറി മെഹബൂബ് കിഴക്കെപ്പുര, എന്‍ ആര്‍ ഡി മെമ്പര്‍ മുഹമ്മദ് നൗഫല്‍, സരിന്‍ ജലാല്‍ 'നന്മ' അംഗവും പ്രമുഖ വ്യവസായിയുമായ ഹനീഫ് എരഞ്ഞിക്കല്‍ എന്നിവര്‍ ചേര്‍ന്ന് 'നന്മ'യുടെ ഉപഹാരം വി.ടി. ബല്‍റാമിന് സമ്മാനിച്ചത്. ഇന്ത്യാ പ്രസ് ക്ലബ്ബ് എക്‌സിക്യൂട്ടീവ് അംഗങ്ങളും, സാമൂഹ്യ സാംസ്‌ക്കാരിക നേതാക്കളുമടങ്ങുന്ന പ്രൗഢഗംഭീരമായ സദസ്സിനെ സാക്ഷി നിര്‍ത്തി എംഎല്‍എ ഉപഹാരം സ്വീകരിച്ചു.


ശാരീരികാസ്വാസ്ഥ്യങ്ങളുണ്ടെങ്കിലും ചടങ്ങില്‍ സംബന്ധിക്കുവാന്‍ തന്നെ പ്രേരിപ്പിച്ച പ്രധാന കാരണം ഇന്ത്യാ പ്രസ് ക്ലബ്ബ് പത്തു വര്‍ഷം മുന്‍പ് തുടങ്ങിയപ്പോള്‍ ഒരു പഴയ ജേര്‍ണലിസ്റ്റിന്റെ മകനെന്നുള്ള നിലക്ക് താനും അവരോടൊപ്പം ചേര്‍ന്നു എന്ന് ആശംസാ പ്രസംഗത്തില്‍ യു.എ. നസീര്‍ പറഞ്ഞു. ഒരു മന്ത്രിയോ എംപിയോ ഇവിടെ വന്നാല്‍ ഒരുപക്ഷെ ഞാന്‍ വന്നില്ലെന്നിരിക്കും. പക്ഷെ, രാഷ്ട്രീയഭേദമന്യേ, ജാതിമത ഭേദമന്യേ കേരളത്തിലെ യുവസമൂഹം വളരെ ആവേശപൂര്‍വ്വം ഉറ്റുനോക്കുന്ന ഒരു ജനപ്രതിനിധിയാണ് വി.ടി. ബല്‍റാം. മതേതരത്വം കാത്തുസൂക്ഷിച്ചുകൊണ്ടുതന്നെ അദ്ദേഹം വളരെ നല്ല പുരോഗമനപരമായ ആശയങ്ങളുമായി മുന്നോട്ടുപോകുന്ന ഒരു മഹത്‌വ്യക്തിത്വത്തിനുടമയാണ്. ഞങ്ങളിരുവരും അടുത്തടുത്ത മണ്ഡലങ്ങളിലാണ്. മറ്റൊരു മണ്ഡലത്തിലെ എംഎല്‍എ ആയിരുന്നിട്ടുകൂടി കോഴിക്കോട് വിമാനത്താവളത്തിനുവേണ്ടി നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിക്കാന്‍ തയ്യാറായതില്‍ അദ്ദേഹത്തോട് ഞങ്ങള്‍ക്ക് ഏറെ കൃതാര്‍ത്ഥതയുണ്ട്, നന്ദിയുണ്ട്. മറ്റു പല കാര്യങ്ങളിലും ഭൂരിപക്ഷമെന്നോ ന്യൂനപക്ഷമെന്നോ ഒന്നുമില്ലാതെ സധൈര്യം നീതിക്കുവേണ്ടി പോരാടുന്ന വ്യക്തിത്വത്തിനുടമയാണ് വി.ടി. ബല്‍റാം എന്നും യു.എ. നസീര്‍ പറഞ്ഞു.


പ്രസ് ക്ലബ്ബ് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് രാജു പള്ളത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ 'നന്മ' അംഗം കൂടിയായ പ്രസ് ക്ലബ്ബ് (ന്യൂയോര്‍ക്ക് ചാപ്റ്റര്‍) സെക്രട്ടറി മൊയ്തീന്‍ പുത്തന്‍ചിറ സ്വാഗതമാശംസിച്ചു. നാഷണല്‍ പ്രസിഡന്റ് മധു കൊട്ടാരക്കര, സെക്രട്ടറി സുനില്‍ തൈമറ്റം, ട്രഷറര്‍ സണ്ണി പൗലോസ്, ജോ. ട്രഷറര്‍ ജീമോന്‍ ജോര്‍ജ്, മുന്‍ സാരഥിമാരായ റെജി ജോര്‍ജ്, ടാജ് മാത്യു, ഡോ. കൃഷ്ണ കിഷോര്‍ (ഏഷ്യാനെറ്റ്), ജോസ് കാടാപ്പുറം (കൈരളി ടി.വി.), സുനില്‍ ട്രെസ്റ്റാര്‍ (മീഡിയാ ലോജിസ്റ്റിക്‌സ്), ജോര്‍ജ് ജോസഫ് (ഇമലയാളി) തുടങ്ങിയവര്‍ സംസാരിച്ചു. അമേരിക്കയില്‍ അറിയപ്പെടുന്ന സാമൂഹ്യസാംസ്‌ക്കാരിക നേതാക്കള്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.


ഇതോടൊപ്പം നടന്ന മദേഴ്‌സ് ഡേ ആഘോഷത്തില്‍ അമ്മമാര്‍ക്ക് പൂച്ചെണ്ട് നല്‍കി എം.എല്‍.എ. അവരെ ആദരിച്ചു.


ചിത്രങ്ങള്‍:

1. 'നന്മ' പ്രസിഡന്റ് യു.എ. നസീര്‍ ഉപഹാരം നല്‍കുന്നു. ജനറല്‍ സെക്രട്ടറി മെഹബൂബ് കിഴക്കെപ്പുര, എന്‍ ആര്‍ ഡി മെമ്പര്‍ മുഹമ്മദ് നൗഫല്‍, സരിന്‍ ജലാല്‍, ഹനീഫ് എരഞ്ഞിക്കല്‍, പ്രസ് ക്ലബ്ബ് പ്രസിഡന്റ് രാജു പള്ളത്ത് എന്നിവര്‍ സമീപം


2. യു.എ. നസീര്‍ ആശംസാ പ്രസംഗം നടത്തുന്നു


Other News in this category4malayalees Recommends