ആംബുലന്‍സ് തടഞ്ഞ് ക്രൂരത ; ചികിത്സ വൈകി രോഗി മരിച്ചു

ആംബുലന്‍സ് തടഞ്ഞ് ക്രൂരത ; ചികിത്സ വൈകി രോഗി മരിച്ചു
മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു പോയ ആംബുലന്‍സ്, കാര്‍ യാത്രികര്‍ തടഞ്ഞിട്ടതിനേത്തുടര്‍ന്ന് ചികിത്സ വൈകി രോഗി മരിച്ചു. താമരക്കുളം പാറയില്‍ പുത്തന്‍വീട്ടില്‍ ഉമൈബാനാ(75)ണ് ഇന്നലെ പുലര്‍ച്ചെ മൂന്നിന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്.

ഹൃദ്രോഗത്തേത്തുടര്‍ന്ന്, മാവേലിക്കരയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്ന ഉമൈബാനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ ഇന്നലെ പുലര്‍ച്ചെ രണ്ടോടെയാണു തോട്ടപ്പള്ളിയില്‍ ആംബുലന്‍സ് തടഞ്ഞത്. അത്യാസന്നനിലയിലായ രോഗിയെ വേഗം ആശുപത്രിയില്‍ എത്തിക്കാനുള്ള പാച്ചിലിനിടെ, ആംബുലന്‍സിനു മുന്നില്‍ പോയ കാര്‍ പെട്ടെന്നു ബ്രേക്കിട്ടു.

അപകടം ഒഴിവാക്കാന്‍ ആംബുലന്‍സ് വെട്ടിച്ചുമാറ്റുന്നതിനിടെ കാറിന്റെ പിന്നില്‍ത്തട്ടി. ഇതേത്തുടര്‍ന്നാണു കാര്‍ യാത്രികര്‍ ആംബുലന്‍സ് തടഞ്ഞത്. രോഗിയെ ആശുപത്രിയില്‍ എത്തിച്ചശേഷം തിരികെവരാമെന്നു പറഞ്ഞെങ്കിലും കാര്‍ യാത്രികര്‍ സമ്മതിച്ചില്ല. പോലീസ് എത്തിയിട്ടും രോഗിയെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചില്ല. തുടര്‍ന്ന് ഒരുമണിക്കൂര്‍ കഴിഞ്ഞ് മറ്റൊരു ആംബുലസിലാണ് ഉമൈബാനെ മെഡിക്കല്‍ കോളജ് ആശുപത്രയിലെത്തിച്ചത്. എന്നാല്‍, അപ്പോഴേക്ക് ഉമൈബാന്‍ മരിച്ചു. ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതാണു മരണകാരണമെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു.

അപകടശേഷം അമ്പലപ്പുഴ പോലീസ് ആംബുലന്‍സ് കസ്റ്റഡിയിലെടുത്തെങ്കിലും കാര്‍ വിട്ടുകൊടുത്തു. സംഭവത്തില്‍ കാര്‍ യാത്രികര്‍ക്കെതിരേ സ്‌നേഹതീരം ആംബുലന്‍സ് സര്‍വീസ് അധികൃതര്‍ അമ്പലപ്പുഴ പോലീസില്‍ പരാതി നല്‍കി.

Other News in this category



4malayalees Recommends