അമേരിക്കയെ മറ്റ് രാജ്യങ്ങളുടെ '' പിഗി ബാങ്ക്'' ആക്കി മാറ്റാന്‍ അനുവദിക്കില്ല ; തന്റെ താരിഫിനോട് സഹകരിക്കാത്ത രാജ്യങ്ങളുമായി വ്യാപാരത്തിനില്ല; രണ്ടും കല്‍പിച്ച് രംഗത്തിറങ്ങിയ ട്രംപ് ജി7 സമ്മിറ്റിലെ കരട് പ്രമേയത്തിലും ഒപ്പ് വച്ചില്ല

അമേരിക്കയെ മറ്റ് രാജ്യങ്ങളുടെ '' പിഗി ബാങ്ക്'' ആക്കി മാറ്റാന്‍ അനുവദിക്കില്ല ; തന്റെ താരിഫിനോട് സഹകരിക്കാത്ത രാജ്യങ്ങളുമായി വ്യാപാരത്തിനില്ല; രണ്ടും കല്‍പിച്ച് രംഗത്തിറങ്ങിയ ട്രംപ് ജി7 സമ്മിറ്റിലെ കരട് പ്രമേയത്തിലും ഒപ്പ് വച്ചില്ല
യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മേലും കാനഡയ്ക്ക് മേലും താരിഫ് ചുമത്തി വന്‍ വിവാദങ്ങള്‍ സൃഷ്ടിച്ച അമേരിക്കന്‍ പ്രസിഡന്റ് രണ്ടും കല്‍പ്പിച്ചാണ് രംഗത്തിറങ്ങിയിരിക്കുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളും വെളിപ്പെടുത്തുന്നത്. കാനഡയില്‍ വച്ച് നടന്ന ജി 7 രാജ്യങ്ങളുടെ സമ്മിറ്റില്‍ പങ്കെടുത്ത ട്രംപ് അവിടെയും ഉടക്ക് ലൈനാണ് പിന്തുടര്‍ന്നിരിക്കുന്നത്. ജി 7 സമ്മിറ്റിനോട് അനുബന്ധിച്ച് അംഗരാജ്യങ്ങള്‍ ചേര്‍ന്ന് പതിവ് പുറത്തിറക്കാറുള്ള കരാറില്‍ ട്രംപ് ഒപ്പ് വച്ചില്ലെന്നും തല്‍ഫലമായി പ്രസ്തുത കരാര്‍ ഇതാദ്യമായി ഇറക്കാനായില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

അമേരിക്കയെ പിഗി ബാങ്കാക്കി മറ്റ് രാജ്യങ്ങള്‍ ഉപയോഗിക്കുന്നത് തുടരാന്‍ അനുവദിക്കില്ലെന്നും താന്‍ ചുമത്തിയിരിക്കുന്ന ഇറക്കുമതി തീരുവയോട് സഹകരിക്കാത്ത രാജ്യങ്ങളുമായി വ്യാപാരം ചെയ്യില്ലെന്നുമുള്ള കടുത്ത നിലപാടുകളാണ് സമ്മിറ്റിന് ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ ട്രംപ് തറപ്പിച്ച് പറഞ്ഞിരിക്കുന്നത്. നീതിയില്‍ അധിഷ്ഠിതമായ വ്യാപാരം കെട്ടിപ്പടുക്കാന്‍ താന്‍ ബാധ്യസ്ഥനാണെന്നും അതിനായാണ് പുതിയ താരിഫുകള്‍ ചുമത്തിയിരിക്കുന്നതെന്നും അമേരിക്കന്‍ പ്രസിഡന്റ് തന്റെ നയത്തെ ന്യായീകരിക്കുന്നു.

താന്‍ നിര്‍ദേശിച്ചിരിക്കുന്ന പുതിയ തീരുവകളോട് വിയോജിപ്പുള്ളവര്‍ അമേരിക്കയുടെ സഖ്യരാജ്യങ്ങളാണെങ്കില്‍ പോലും അവരുമായി തുടര്‍ന്ന് വ്യാപാരബന്ധത്തിലേര്‍പ്പെടാനാവില്ലെന്നുമാണ് അമേരിക്കന്‍ പ്രസിഡന്റ് സ്വരം കടുപ്പിച്ച് പറഞ്ഞിരിക്കുന്നത്. യുഎസിനെ മറ്റ് രാജ്യങ്ങള്‍ സ്വാര്‍ത്ഥ ലാഭത്തിനായി വ്യാപാരത്തിലൂടെ സമര്‍ത്ഥമായി ഉപയോഗിച്ചതിനാല്‍ വ്യാപാരത്തില്‍ കടുത്ത അസന്തുലിതാവസ്ഥയുണ്ടായെന്നും അത് അമേരിക്കയ്ക്ക് കടുത്ത നഷ്ടം വരുത്തു വച്ചുവെന്നും ഇനിയും അതിന് അനുവദിക്കാന്‍ തനിക്കാവില്ലെന്നുമാണ് ട്രംപ് കടുത്ത നിലപാടെടുത്തിരിക്കുന്നത്.

Other News in this category4malayalees Recommends