ട്രംപും ഉന്നും ചര്‍ച്ചക്കായി സിംഗപ്പൂരിലെത്തി; ചര്‍ച്ച സുഗമമായി കഴിയുമെന്നും സഫലമാകുമെന്നും ശുഭപ്രതീക്ഷ പ്രകടിപ്പിച്ച് ട്രംപ്; സിംഗപ്പൂരിലെ ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ഉന്‍; ചരിത്ര പ്രാധാന്യമേറിയ ചര്‍ച്ചയെ പ്രതീക്ഷയോടെ ഉറ്റ് നോക്കി ലോകം

ട്രംപും ഉന്നും ചര്‍ച്ചക്കായി സിംഗപ്പൂരിലെത്തി; ചര്‍ച്ച സുഗമമായി കഴിയുമെന്നും സഫലമാകുമെന്നും ശുഭപ്രതീക്ഷ പ്രകടിപ്പിച്ച് ട്രംപ്; സിംഗപ്പൂരിലെ ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ഉന്‍;  ചരിത്ര പ്രാധാന്യമേറിയ ചര്‍ച്ചയെ പ്രതീക്ഷയോടെ ഉറ്റ് നോക്കി ലോകം
ഉത്തരകൊറിയന്‍ നേതാവ് കിം ജോന്‍ഗ് ഉന്നുമായി താന്‍ ചൊവ്വാഴ്ച നടത്താനിരിക്കുന്ന ചരിത്രപ്രാധാന്യം നിറഞ്ഞ ചര്‍ച്ച സുഖകരമായി നടക്കുമെന്നും ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിച്ച് വന്‍ വിജയമായിത്തീരുമെന്നും ആത്മവിശ്വാസം രേഖപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. സിംഗപ്പൂരില്‍ ചര്‍ച്ചക്കായെത്തിയ ട്രംപ് വളരെ ഉല്ലാസവാനായിട്ടായിരുന്നു കാണപ്പെട്ടിരുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. ചര്‍ച്ചക്കായി സിംഗപ്പൂരിലെത്തിയ ഉന്‍ അവിടുത്തെ ചില ടൂറിസം കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തിയെന്നും സൂചനയുണ്ട്.

ചൊവ്വാഴ്ച രാവിലെയാണ് ഇരു നേതാക്കളും നിര്‍ണായകമായ ചര്‍ച്ചക്കിരിക്കുന്നത്. കൊറിയന്‍ പെനിന്‍സുലയില്‍ ആണവ പരീക്ഷണങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള വ്യവസ്ഥകളെ സംബന്ധിച്ച് ഇരു രാജ്യങ്ങളിലെയും മുതിര്‍ന്ന ഒഫീഷ്യലുകളും ഡിപ്ലോമാറ്റുകളും സിംഗപ്പൂരില്‍ വച്ച് നേരത്തെ തന്നെ ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നുവെന്നും നീക്കുപോക്കുകളിലൂടെ പ്രശ്‌നപരിഹാരത്തിന്റെ വക്കിലെത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ആണവായുധ നിര്‍മാര്‍ജനത്തിന് ഉന്‍ എത്രത്തോളം ആത്മാര്‍ത്ഥത കാണിക്കുന്നുവെന്നതിനെ അടിസ്ഥാനമാക്കിയാണ് ചര്‍ച്ചയുടെ വിജയമെന്നാണ് യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റായ മൈക്ക് പോംപിയോ ചര്‍ച്ചക്ക് മുന്നോടിയായി മുന്നറിയിപ്പേകിയിരിക്കുന്നത്.

ട്രംപും ഉന്നും തമ്മില്‍ നടക്കുന്ന ചര്‍ച്ചകളുടെ അടിത്തറയൊരുക്കുന്നതിനാണ് ഇരു പക്ഷത്തെയും ഒഫീഷ്യലുകള്‍ സുപ്രധാന ചര്‍ച്ചകള്‍ നേരത്തെ ആരംഭിച്ചിരുന്നത്. ഇതിനായി ഒഫീഷ്യലുകള്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ ചര്‍ച്ചകള്‍ വിവിധയിടങ്ങളില്‍ വച്ച് നടത്തിയിരുന്നു. ഉത്തരകൊറിയ നടത്തിയ മിസൈല്‍-ആണവ പരീക്ഷണങ്ങളുടെ പേരില്‍ അമേരിക്കയും ഉത്തരകൊറിയയും യുദ്ധത്തിന്റെ വക്കില്‍ വരെ എത്തിയിരുന്നു. അമേരിക്കയുടെയും മറ്റ് നിരവധി രാജ്യങ്ങളുടെയും എന്തിനേറെ യുഎന്നിന്റെ വരെ വിലക്കിനെ മറികടന്നായിരുന്നു ഉന്‍ ആണവപരീക്ഷണങ്ങളുമായി മുന്നോട്ട് പോയിക്കൊണ്ടിരുന്നത്. അവിടെ നിന്നുമുള്ള സമാധാനത്തിലേക്കുള്ള തിരിച്ച് പോക്കിനെ വളരെ പ്രതീക്ഷയോടെയാണ് ലോകം നോക്കിക്കാണുന്നത്.

Other News in this category4malayalees Recommends