ട്രംപ്-ഉന്‍ ചര്‍ച്ച ആശാവഹം; കൊറിയന്‍ പെനിന്‍സുലയെ ആണവവിമുക്തമാക്കുന്നതില്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കും; ആണവായുധങ്ങള്‍ ഉപേക്ഷിക്കാമെന്ന് ഉന്നിന്റെ ഉറപ്പില്ലാത്ത വാഗ്ദാനം; ദക്ഷിണ കൊറിയയുമായുള്ള സൈനികാഭ്യാസങ്ങള്‍ ഉപേക്ഷിക്കാമെന്ന് ട്രംപ്

ട്രംപ്-ഉന്‍ ചര്‍ച്ച ആശാവഹം; കൊറിയന്‍ പെനിന്‍സുലയെ ആണവവിമുക്തമാക്കുന്നതില്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കും; ആണവായുധങ്ങള്‍ ഉപേക്ഷിക്കാമെന്ന് ഉന്നിന്റെ ഉറപ്പില്ലാത്ത വാഗ്ദാനം; ദക്ഷിണ കൊറിയയുമായുള്ള സൈനികാഭ്യാസങ്ങള്‍ ഉപേക്ഷിക്കാമെന്ന് ട്രംപ്
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍നേതാവ് കിം ജോന്‍ഗ് ഉന്നും തമ്മില്‍ ഇന്ന് സിംഗപ്പൂരില്‍ വച്ച് നടത്തിയ ചരിത്ര പ്രാധാന്യമുള്ള ചര്‍ച്ച ആശാവഹമായിരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. പരസ്പരമുള്ള അവിശ്വാസം ചര്‍ച്ചകളുമായി ബന്ധപ്പെട്ട് നിഴലിക്കുന്നുണ്ടെങ്കിലും കൊറിയന്‍ പെനിന്‍സുലയെ ആണവവിമുക്തമാക്കുന്നതില്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുമെന്നു മേഖലയില്‍ സമാധാനം കൊണ്ടു വരുമെന്നും ഇരു നേതാക്കളും വാഗ്ദാനം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.

ഇന്നത്തെ ചര്‍ച്ചയോടെ മഹത്തായ അത്ഭുതങ്ങളൊന്നും സംഭവിക്കുമെന്നുറപ്പില്ലെങ്കിലും ദശാബ്ദങ്ങളായി അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള ശത്രുതയ്ക്കും കൊലവിളിക്കും ശമനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്യോന്‍ഗ്യാന്‍ഗിന്റെ പക്കലുളള അണ്വായുധങ്ങള്‍ ഉപേക്ഷിക്കാമെന്ന് ഉന്‍ പറഞ്ഞിട്ടുണ്ടെങ്കിലും അതെത്രത്തോളം വിശ്വസിക്കാമെന്ന കാര്യത്തില്‍ സംശയം നിഴലിക്കുന്നുണ്ട്.എന്നാല്‍ ദക്ഷിണ കൊറിയയുമായി ചേര്‍ന്ന് തങ്ങള്‍ നടത്തുന്ന സൈനിക അഭ്യാസങ്ങള്‍ നിര്‍ത്താമെന്ന് ട്രംപ് ഉറപ്പേകിയിട്ടുണ്ട്.

ഇത്തരം അഭ്യാസങ്ങളെ തങ്ങള്‍ക്കെതിരെയുള്ള ഭീഷണിയാണെന്നാണാണ് ഉത്തരകൊറിയ ആരോപിച്ച് വന്നിരുന്നത്. ഇതിന് പുറമെ ഉന്നിന് ആയുഷ്‌കാലം മുഴുവന്‍ ഉത്തരകൊറിയയുടെ ഭരണാധികാരിയായി വാഴാനുള്ള സുരക്ഷയൊരുക്കുമെന്നും ട്രംപ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇന്ന് നടന്ന ചര്‍ച്ചയില്‍ ഉന്നാണ് നേട്ടം കൊയ്തിരിക്കുന്നതെന്നാണ് മിക്ക വിദഗ്ദരും അനലിസ്റ്റുകളും ചര്‍ച്ചയെ വിലയിരുത്തിയിരിക്കുന്നത്. എന്നാല്‍ ഇതിനെ അംഗീകരിക്കാന്‍ ട്രംപ് തയ്യാറായിട്ടില്ല. ചര്‍ച്ച ഉത്തരകൊറിയക്കെന്ന പോലെ യുഎസിനും ഏറെ ഗുണമുണ്ടാക്കിയെന്നാണ് ട്രംപ് പറയുന്നത്.

Other News in this category4malayalees Recommends