കാമുകിയുടെ ചെലവ് താങ്ങാനാവാതെ പണം മോഷ്ടിച്ച ഗൂഗിള്‍ എന്‍ജിനീയര്‍ പൊലീസ് പിടിയില്‍. ഡല്‍ഹി താജ് പാലസില്‍ നടന്ന പരിപാടിക്കിടെയാണ് ഗര്‍വീത് സാഹ്നി എന്ന 24 കാരന് 10,000 രൂപ മോഷ്ടിച്ചത്. പൊലീസ് നടത്തിയ പരിശോധനയില്‍ ഇയാളുടെ കൈയില്‍ നിന്ന് 3000 രൂപ കണ്ടെടുത്തു.
കഴിഞ്ഞ മാസം താജില്‍ ഐ.ബി.എം സംഘടിപ്പിച്ച കോണ്‍ഫറന്‍സിനിടെയാണ് ഗര്‍വീത് സാഹ്നി ദേവ്യാനി ജയിന് എന്നയാളുടെ ബാഗില്‍ നിന്ന് 10,000 രൂപ മോഷ്ടിച്ചത്. പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പ്രതി ഗര്‍വീത് സാഹ്നി യാണെന്ന് പൊലീസ് കണ്ടെത്തിയത്.
ഗര്‍വീത് സാഹ്നി ഹോട്ടലിലെത്തിയ കാറിന്റെ നമ്പറും സിസി ടിവി ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് കാര്‍ ഡ്രൈവറുമായി പൊലീസ് ബന്ധപ്പെടുകയും ഏത് ഫോണ്‍നമ്പറില്‍ നിന്നാണ് താജിലേക്കുള്ള യാത്ര ബുക്ക് ചെയ്തതെന്ന് പൊലീസ് കണ്ടെത്തുകയും ചെയ്തു. പക്ഷെ ആ നമ്പര്‍ സ്വിച്ച് ഓഫ് ആയിരുന്നു. പിന്നീട് ഇയാളുടെ പുതിയ നമ്പര്‍ പൊലീസ് കണ്ടെത്തി. പിന്നീട് നടന്ന അന്വേഷണത്തിനൊടുവില്‍ പ്രതിയെ പൊലീസ് വീട്ടില്‍ നിന്ന് പിടികൂടി.
കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ മൂലം കാമുകിയുടെ ചെലവ് താങ്ങാന്‍ കഴിയാത്തതിനാലാണ് മോഷണം നടത്തിയതെന്ന് പ്രതി കുറ്റസമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു.