ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ പോസ്റ്റ്‌മോര്‍ട്ടം ബന്ധുക്കളുടെ മൊഴിയെടുത്ത ശേഷമെന്ന് പൊലീസ്

ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ പോസ്റ്റ്‌മോര്‍ട്ടം ബന്ധുക്കളുടെ മൊഴിയെടുത്ത ശേഷമെന്ന് പൊലീസ്

ജലന്ധറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ പോസ്റ്റ്‌മോര്‍ട്ടം ബന്ധുക്കളുടെ മൊഴിയെടുത്ത ശേഷമെന്ന് പൊലീസ്. ബന്ധുക്കള്‍ 11 മണിയോടെ ജലന്ധറിലെത്തും. മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാനും തീരുമാനമായി. മരണത്തില്‍ അസ്വഭാവികതയുണ്ടെന്നും മൃതദേഹം ആലപ്പുഴയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയാല്‍ മതിയെന്നും ബന്ധുക്കള്‍ ആവശ്യമുന്നയിച്ച സാഹചര്യത്തിലാണിത്.


കുടുംബത്തിന്റെ പരാതിയെ തുടര്‍ന്നാണ് പോസ്റ്റ്മാര്‍ട്ടം നടത്താനുള്ള നടപടികള്‍ ഇന്നലെ അധികൃതര്‍ നിര്‍ത്തിവെച്ചത്. ഇന്ന് രാവിലെ 11 മണിയോടെ ഫാദര്‍ കുര്യാക്കോസിന്റെ രണ്ട് ബന്ധുക്കള്‍ ആലപ്പുഴയില്‍ നിന്ന് ജലന്ദറില്‍ എത്തും. മൃതദേഹം ബസ്വായിലെ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇവിടെയെത്തി അധികൃതരുമായി ചര്‍ച്ച നടത്തിയ ശേഷം പോസ്റ്റ്‌മോര്‍ട്ടം എവിടെ നടത്തണമെന്ന കാര്യത്തില്‍ തീരുമാനം എടുക്കുമെന്ന് ജലന്ധര്‍ രൂപത അറിയിച്ചു.

സ്വഭാവിക മരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് ഹോഷ്യാപൂര്‍ പൊലീസ് സൂപ്രണ്ട് ഇന്നലെ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചിരുന്നു. എന്നാല്‍ മരണ കാരണത്തില്‍ സംശയമുണ്ടെന്ന് ബന്ധുക്കള്‍ ആരോപണമുന്നയിച്ച സാഹചര്യത്തില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് പരിശോധന നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫാദര്‍ കുര്യാക്കോസിന്റെ ബന്ധുക്കളുടെ മൊഴിയെടുക്കുമെന്നും പൊലീസ് അറയിച്ചിട്ടുണ്ട്.

ബലാത്സംഗ പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഫാദര്‍ കുര്യാക്കോസ് മൊഴി നല്‍കിയിരുന്നു. ബിഷപ്പിന്റെ അറസ്റ്റിനു പിന്നാലെ രണ്ട് തവണ ജലന്ധറിലെ അദ്ദേഹത്തിന്റെ വീട്ടിന് നേരെ ആക്രമണം ഉണ്ടായി. ഫാ.കുര്യാക്കോസ് കാട്ടുതറയുടെ മരണം കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ ആരോപണം.

Other News in this category



4malayalees Recommends