നടി സേതുലക്ഷ്മിയുടെ മകന് താങ്ങായി സിനിമാ പ്രവര്‍ത്തകര്‍, വൃക്ക മാറ്റിവെക്കാനുള്ള പണം ഇന്ദ്രജിത്ത് നല്‍കിയെന്ന് സേതുലക്ഷ്മി

നടി സേതുലക്ഷ്മിയുടെ മകന് താങ്ങായി സിനിമാ പ്രവര്‍ത്തകര്‍, വൃക്ക മാറ്റിവെക്കാനുള്ള പണം ഇന്ദ്രജിത്ത് നല്‍കിയെന്ന് സേതുലക്ഷ്മി

നടി സേതുലക്ഷ്മിയുടെ മകന് വൃക്ക മാറ്റിവെക്കാനുള്ള സഹായത്തിനായി നിരവധി പേരാണ് രംഗത്തുവരുന്നത്. സിനിമാ പ്രവര്‍ത്തകര്‍ തന്നെ സഹായത്തിനായി എത്തി. വൃക്ക തകരാറിലായി ചികിത്സയില്‍ കഴിയുന്ന തന്റെ മകന് വൃക്കദാനം ചെയ്യാന്‍ നടി പൊന്നമ്മ ബാബു അടക്കം നിരവധി പേര്‍ തയ്യാറായതായി സേതുലക്ഷ്മി പറഞ്ഞു.


ഷൂട്ടിങിനിടയിലാണ് പൊന്നമ്മ വിളിച്ചത്, നമ്മളൊക്കെ കൂടപ്പിറപ്പുകളല്ലേ, മകന് വൃക്ക നല്‍കാന്‍ ഞാന്‍ തയ്യാറാണ്, എന്റെ വൃക്ക കിഷോറിന് നല്‍കാന്‍ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് എനിക്കറിയില്ല, ഇല്ലെങ്കില്‍ വൃക്ക നല്‍കാന്‍ എനിക്ക് പൂര്‍ണ സമ്മതമാണെന്ന് പൊന്നമ്മ ബാബു വിളിച്ചു പറഞ്ഞു'

'പൊന്നമ്മ മാത്രമല്ല സാമ്പത്തിക സഹായം നല്‍കാമെന്നും കിഡ്നി ദാനം ചെയ്യാമെന്നും പറഞ്ഞ് കുറേ പേര്‍ വിളിച്ചിരുന്നു. പണം കൊടുത്ത് കിഡ്നി വാങ്ങുന്നതിനൊക്കെ കുറേ ബുദ്ധിമുട്ടുണ്ടെന്ന് കേള്‍ക്കുന്നു, കിഡ്നി ദാനം ചെയ്യാന്‍ ആരെങ്കിലും തയ്യാറായാല്‍ അത് വലിയ സമാധാനമാവും ഞങ്ങള്‍ക്കിപ്പോള്‍'

സഹായം ചോദിച്ച് വീഡിയോ ഇട്ടതിനു ശേഷം ഒരുപാട് പേര്‍ വിളിച്ചിരുന്നു. സിനിമാ രംഗത്ത് നിന്നുള്ളവരും അല്ലാത്തതുമായി ഒരുപാട് പേര്‍ വിളിച്ചിരുന്നു. നടന്‍ ഇന്ദ്രജിത്ത് പണം തന്ന് സഹായിച്ചു. മറ്റ് പലരും പണം തരാമെന്ന് പറഞ്ഞു. കുറഞ്ഞത് പത്ത് ലക്ഷം രൂപയെങ്കിലും കയ്യില്‍ കരുതിയിട്ട് മാത്രമേ ഓപ്പറേഷന് ഇറങ്ങാവൂ എന്നാണ് ആശുപത്രിയില്‍ നിന്നും പറഞ്ഞത്. കുറച്ച് ദിവസം കൊണ്ട് അത് കിട്ടുമെന്നാണ് കരുതുന്നത്. കിഡ്നി പണം കൊടുത്ത് വാങ്ങേണ്ടി വരില്ലെങ്കില്‍ ചെലവ് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരത്തെ പി.ആര്‍.എസ് ആശുപത്രിയിലാണ് ഇപ്പോള്‍ കിഷോറുള്ളത്. ഡയാലിസിസ് നടക്കുന്നുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ ഓപ്പറേഷന്‍ നടത്തുന്നതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ പറ്റുമെന്നാണ് കരുതുന്നു. വീഡിയോ ഇട്ടതില്‍ പിന്നെ എല്ലാവരും വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ട്. എല്ലാവരുടേയും കരുതലിനും സഹകരണത്തിനും നന്ദിയും സ്നേഹവുമുണ്ട്. എങ്ങനെയാണ് അത് പറഞ്ഞറിയിക്കേണ്ടതെന്ന് അറിയില്ല.-സേതുലക്ഷ്മി പറഞ്ഞു.

സഹായം വാഗ്ദാനം ചെയ്ത് നാടിന്റെ നാനാഭാഗത്ത് നിന്നും അന്വേഷണങ്ങള്‍ വരുമ്പോള്‍ പതിനാല് വര്‍ഷത്തോളമായി താനും കുടുംബവും അനുഭവിക്കുന്ന വേദനയ്ക്ക് വൈകാതെ അറുതി വരുമെന്ന പ്രതീക്ഷയിലാണ് നടി സേതുലക്ഷ്മിയും മകന്‍ കിഷോറും.

Other News in this category



4malayalees Recommends