ഓസ്‌ട്രേലിയ വര്‍ക്കിംഗ് ഹോളിഡേ മേയ്ക്കര്‍,സീസണ്‍ വര്‍ക്കര്‍ വിസകളില്‍ വന്‍ ഇളവുകള്‍ ; ലക്ഷ്യം കാര്‍ഷിക മേഖലയിലേക്ക് വിദേശത്ത് നിന്നും അനായാസം തൊഴിലാളികളെ കൊണ്ടു വന്ന് തൊഴിലാളിക്ഷാമം പരിഹരിക്കല്‍

ഓസ്‌ട്രേലിയ വര്‍ക്കിംഗ് ഹോളിഡേ മേയ്ക്കര്‍,സീസണ്‍ വര്‍ക്കര്‍ വിസകളില്‍ വന്‍ ഇളവുകള്‍ ; ലക്ഷ്യം കാര്‍ഷിക മേഖലയിലേക്ക് വിദേശത്ത് നിന്നും അനായാസം തൊഴിലാളികളെ കൊണ്ടു വന്ന് തൊഴിലാളിക്ഷാമം പരിഹരിക്കല്‍

വര്‍ക്കിംഗ് ഹോളിഡേ മേയ്ക്കര്‍, സീസണ്‍ വര്‍ക്കര്‍ പ്രോഗ്രാം എന്നീ വിസകളില്‍ ഓസ്‌ട്രേലിയ ഇളവുകള്‍ അനുവദിക്കുന്നു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി സ്‌കോട്ട് മോറിസനാണ് ഇത് സംബന്ധിച്ച പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്. രാജ്യത്തുള്ളവരെ വച്ച് ജോലി ഒഴിവുകള്‍ നികത്തുന്നതിനാണ് ഗവണ്‍മെന്റ് മുന്‍ഗണനയേകുന്നതെന്നും എന്നാല്‍ സ്‌ട്രോബെറി സീസണില്‍ ഓസ്‌ട്രേലിയന്‍ കൃഷിയിടങ്ങളില്‍ തൊഴിലാളിക്ഷാമമില്ലെന്ന് ഉറപ്പ് വരുത്തേണ്ടതും സര്‍ക്കാരിന്റെ ലക്ഷ്യമാണെന്ന് മോറിസന്‍ പറയുന്നു.


ഇതിന് വേണ്ടിയാണ് ഈ വിസ ഇളവുകള്‍ നടപ്പിലാക്കുന്നതെന്നും അതിലൂടെ വിദേശതൊഴിലാളികളെ അനായാസം കൊണ്ടു വന്ന് ഓസ്‌ട്രേലിയയിലെ ചെറുകിട പ്രാദേശിക ഒഴിവുകള്‍ നികത്താനാണ് ലക്ഷ്യമിടുന്നതെന്നും മോറിസന്‍ വിശദീകരിക്കുന്നു. വര്‍ക്കിംഗ് ഹോളിഡേ മേയ്ക്കര്‍ വിസയില്‍ നിരവധി മാറ്റങ്ങള്‍ പുതിയ നീക്കത്തിന്റെ ഭാഗമായി നടത്തുന്നുണ്ടെന്നാണ് മോറിസന്‍ വെളിപ്പെടുത്തുന്നത്. ഇത് പ്രകാരം വര്‍ഷം തോറും അനുവദിക്കുന്ന ഇത്തരം വിസകളുടെ എണ്ണം വര്‍ധിപ്പിക്കുന്നുണ്ട്.

വര്‍ഷത്തില്‍ അനുവദിക്കാവുന്ന ഈ വിസയുടെ പരിധിയും എടുത്ത് മാറ്റുന്നുണ്ട്. എന്നാല്‍ ഏതെല്ലാം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കായിരിക്കും ഈ പരിധി എടുത്ത് മാറ്റലിന്റെ ഗുണമുണ്ടാവുകയെന്ന് ഗവണ്‍മെന്റ് സ്ഥിരീകരിച്ചിട്ടില്ല. വര്‍ക്കിംഗ് ഹോളിഡേ മേയ്ക്കര്‍ വിസയിലെത്തുന്നവര്‍ക്ക് ഒരു തൊഴിലുടമക്ക് കീഴില്‍ ഒരു വര്‍ഷം വരെ ജോലി ചെയ്യാന്‍ സാധിക്കും. എന്നാല്‍ ഇതിന് മുമ്പ് ഇത് വെറും ആറ് മാസം മാത്രമേ അനുവദിച്ചിരുന്നുള്ളൂ.

വര്‍ക്കിംഗ് ഹോളിഡേ മേയ്ക്കര്‍ വിസ രണ്ടാമതും പുതുക്കുന്നതിനുള്ള പ്രക്രിയകളും പുതിയ നീക്കത്തിന്റെ ഭാഗമായി ലളിതമാക്കുന്നുണ്ട്. അധികമായി കാര്‍ഷിക ജോലി ചെയ്ത് കഴിവ് തെളിയിക്കുന്നവര്‍ക്ക് വര്‍ക്കിംഗ് ഹോളിഡേ മേയ്ക്കര്‍ വിസ മൂന്നാമതും അനുവദിക്കാനും അവസരമൊരുക്കുന്നുണ്ട്. വര്‍ക്കിംഗ് ഹോളിഡേ മേയ്ക്കര്‍ വിസയ്ക്കുള്ള പ്രായപരിധി നിരവധി രാജ്യക്കാര്‍ക്കായി 35 വയസാക്കി വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. സീസണ്‍ വര്‍ക്കേര്‍സിനും നിരവധി ഇളവുകള്‍ അനുവദിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇത്തരക്കാര്‍ കാര്‍ഷിക മേഖലയിലാണ് ജോലി ചെയ്യുന്നതെങ്കില്‍ മറ്റൈാരു മൂന്ന് മാസം കൂടി ഇവിടെ തങ്ങാന്‍ അനുവദിക്കുന്നതായിരിക്കും.



Other News in this category



4malayalees Recommends