യുഎസിന്റെ അതിര്‍ത്തികളിലെ പ്രശ്‌നങ്ങള്‍ ട്രംപ് പെരുപ്പിച്ച് കാട്ടുന്നുവെന്ന് ഡെമോക്രാറ്റിക് കോണ്‍ഗ്രസ് വുമണ്‍; അനധികൃത കുടിയേറ്റത്തെക്കുറിച്ച് നിറം പിടിപ്പിച്ച കഥകള്‍ മെനഞ്ഞ് മതില്‍ നിര്‍മാണത്തിന് ട്രംപ് കോപ്പ് കൂട്ടുന്നുവെന്ന് നാനെറ്റ് ബാരാഗന്‍

യുഎസിന്റെ അതിര്‍ത്തികളിലെ പ്രശ്‌നങ്ങള്‍ ട്രംപ് പെരുപ്പിച്ച് കാട്ടുന്നുവെന്ന് ഡെമോക്രാറ്റിക് കോണ്‍ഗ്രസ് വുമണ്‍; അനധികൃത കുടിയേറ്റത്തെക്കുറിച്ച് നിറം പിടിപ്പിച്ച കഥകള്‍ മെനഞ്ഞ് മതില്‍ നിര്‍മാണത്തിന് ട്രംപ് കോപ്പ് കൂട്ടുന്നുവെന്ന് നാനെറ്റ് ബാരാഗന്‍
യുഎസിന്റെ അതിര്‍ത്തികളില്‍ പ്രശ്‌നങ്ങളുണ്ടെങ്കിലും ട്രംപ് പെരുപ്പിച്ച് കാട്ടുന്നത് പോലെയുള്ള കടുത്ത പ്രതിസന്ധികളൊന്നുമില്ലെന്ന് സാക്ഷ്യപ്പെടുത്തി ഡെമോക്രാറ്റിക് കോണ്‍ഗ്രസ് വുമണായ നാനെറ്റ് ബാരാഗന്‍ രംഗത്തെത്തി. തന്റെ ഡെമോക്രാറ്റിക് സഹപ്രവര്‍ത്തകരുമായി അതിര്‍ത്തി സന്ദര്‍ശിച്ച ശേഷമാണ് അവരീ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ബില്യണ്‍ കണക്കിന് ഡോളര്‍ മുടക്കി ഉരുക്ക് അതിര്‍ത്തി കെട്ടേണ്ടത് പോലുള്ള പ്രശ്‌നങ്ങളൊന്നും ബോര്‍ഡറുകളിലില്ലെന്നും അവര്‍ വാദിക്കുന്നു.

ട്രംപിന്റെ ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നതിന് യാതൊരു ന്യായീകരണങ്ങളും നിരത്താനാവില്ലെന്നും അവര്‍ ആണയിടുന്നു.ട്രംപിന്റെ കടുത്ത ഇമിഗ്രേഷന്‍ അജണ്ട നടപ്പിലാക്കുന്നതിനെ തുടര്‍ന്നുള്ള മനുഷ്യാവകാശ പ്രതിസന്ധി മാത്രമാണ് പ്രധാനമായും അതിര്‍ത്തികളിലുള്ളതെന്നും കാലിഫോര്‍ണിയ ഡെമോക്രാറ്റായ ബാരാഗന്‍ എടുത്ത് കാട്ടുന്നു. ഇതിന്റെ ഭാഗമായാണ് ഡിസംബറില്‍ ജാകെലിന്‍ കാള്‍, ഫെലിപെ അലോന്‍സോ ഗോമെസ് എന്നീ രണ്ട് കുടിയേറ്റക്കാരായ കുട്ടികള്‍ മരിച്ചതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

ബോര്‍ഡറിലുടനീളമുള്ള നിരവധി മൈഗ്രന്റ് ഹോള്‍ഡിംഗ് ഫെസിലിറ്റികളില്‍ വളരെ ദയനീയമായ അവസ്ഥകളാണ് നിലനില്‍ക്കുന്നതെന്നും അവര്‍ ആരോപിക്കുന്നു. ഇവിടെ മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുന്നുവെന്നും അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലെന്നും കോണ്‍ഗ്രസ് വുമണ്‍ ആശങ്കപ്പെടുന്നു.അതിര്‍ത്തികളിലൂടെയുള്ള അനധികൃത കുടിയേറ്റത്തെ ഗവണ്‍മെന്റ് പെരുപ്പിച്ച് കാട്ടുന്നുവെന്നും ജനത്തെ വഴിതെറ്റിക്കുന്നുവെന്നും കുടിയേറ്റത്തെക്കുറിച്ച് അനാവശ്യമായ ഉത്കണ്ഠകള്‍ സൃഷ്ടിക്കുന്നുവെന്നും ബാരാഗാന്‍ ആരോപിക്കുന്നു.

Other News in this category



4malayalees Recommends