യുഎസില്‍ നിന്നും ആദ്യത്തെ ഹോണ്ടുറാസ് അഭയാര്‍ത്ഥിയെ മെക്‌സിക്കോയിലേക്ക് അയച്ചു; പുതിയ നയത്തിന്റെ ഭാഗമായി കൂടുതല്‍ പേരെ യുഎസ് മെക്‌സിക്കോയിലേക്ക് അയക്കും; അമേരിക്കന്‍ കുടിയേറ്റ നയത്തിലെ വിപ്ലവകരമായ ചുവട് വയ്പ്

യുഎസില്‍ നിന്നും ആദ്യത്തെ ഹോണ്ടുറാസ് അഭയാര്‍ത്ഥിയെ മെക്‌സിക്കോയിലേക്ക് അയച്ചു; പുതിയ നയത്തിന്റെ ഭാഗമായി കൂടുതല്‍ പേരെ യുഎസ് മെക്‌സിക്കോയിലേക്ക് അയക്കും; അമേരിക്കന്‍ കുടിയേറ്റ നയത്തിലെ വിപ്ലവകരമായ ചുവട് വയ്പ്
ഹോണ്ടുറാസ് അടക്കമുളള സെന്‍ട്രല്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നും യുഎസിലെത്തിയ നിയമവിരുദ്ധ കുടിയേറ്റക്കാരെ അവരുടെ കേസുകള്‍ യുഎസിലെ ഇമിഗ്രേഷന്‍ കോടതികളില്‍ നടക്കുന്നതിനിടെ മെക്‌സിക്കോയിലേക്ക് മടക്കി അയക്കുമെന്ന പ്രഖ്യാപനം ഈ മാസം ആദ്യം ഹോം ലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി കിര്‍സ്റ്റ്‌ജെന്‍ നില്‍സെന്‍ നടത്തിയിരുന്നുവല്ലോ. ആ നിര്‍ണായക നയത്തിന് തുടക്കം കുറിച്ച് കൊണ്ട് ഹോണ്ടുറാസുകാരനായ ആദ്യത്തെ കുടിയേറ്റക്കാരന്‍ യുഎസില്‍ നിന്നും ചൊവ്വാഴ്ച മെക്‌സിക്കോയിലേക്കെത്തി.

തന്റെ ഒരു കൈയില്‍ ബാക്ക്പാക്കും മറ്റേ കൈയില്‍ ഫോള്‍ഡറുമേന്തിയായിരുന്നു ഇയാള്‍ മെക്‌സിക്കോയിലെ ടിജുവാനയിലെത്തിയത്. ഇയാള്‍ക്ക് ചുറ്റും റിപ്പോര്‍ട്ടര്‍മാര്‍ ആവേശത്തോടെ വളയുകയും ചെയ്തിരുന്നു. തുടര്‍ന്ന് മെക്‌സിക്കന്‍ ഇമിഗ്രേഷന്‍ ഒഫീഷ്യലുകള്‍ ഇയാളെ ഒരു വാനില്‍ കയറ്റി കൊണ്ടു പോവുകയുംചെയ്തു. ഇയാളെ പിന്തുടര്‍ന്ന് കൂടുതല്‍ കുടിയേറ്റക്കാര്‍ ഇത്തരത്തില്‍ യുഎസില്‍ നിന്നും മെക്‌സിക്കോയുടെ മണ്ണിലേക്ക് എത്തുമോയെന്ന കാര്യം ഇനിയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

ഇയാള്‍ക്ക് പുറമെ യുഎസ് കൂടുതല്‍ കുടിയേറ്റക്കാരെ മെക്‌സിക്കോയിലേക്ക് ഇന്നലെ അയച്ചിട്ടില്ലെന്നാണ് മെക്‌സിക്കോയിലെ നാഷണല്‍ മൈഗ്രേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രതിനിധിയായ റോഡുല്‍ഫോ ഫിഗ്യൂറോവ റിപ്പോര്‍ട്ടര്‍മാരോട് പ്രതികരിച്ചിരിക്കുന്നത്. പുതിയ നയമനുസരിച്ച് ഒരാളെ ഇന്നലെ മെക്‌സിക്കോയിലേക്ക് അയച്ചുവെന്ന് ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി ഒഫീഷ്യല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ബാക്കിയുള്ള ചിലരെ ശേഷിക്കുന്ന ദിവസങ്ങളിലായി മെക്‌സിക്കോയിലേക്ക് അയക്കുമെന്നും ഒഫീഷ്യല്‍ പറയുന്നു.

Other News in this category



4malayalees Recommends