സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇതാദ്യമായി ഇന്ത്യാ സന്ദര്‍ശനത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇതാദ്യമായി ഇന്ത്യാ സന്ദര്‍ശനത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇതാദ്യമായി ഇന്ത്യാ സന്ദര്‍ശനത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ ലോകം മുഴുവനും മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി വധത്തിന്റെ പേരില്‍ വിമര്‍ശനങ്ങളുടെ മുള്‍മുനയിലാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍. ഇതു വരെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ കാര്യം ഔദ്യോഗികമായി സൗദി പ്രഖ്യാപിച്ചിട്ടില്ല. ഇതു സംബന്ധിച്ച തീരുമാനങ്ങള്‍ ഉടനെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. പാകിസ്ഥാന്‍, ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും ഇന്ത്യയ്ക്കു പുറമെ സന്ദര്‍ശിക്കുന്നതിന് മുഹമ്മദ് ബിന്‍ സല്‍മാന്‍ തയാറെടുക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം ഖഷോഗി വധത്തില്‍ സൗദിയും യുഎസും തമ്മിലുള്ള നയതന്ത്ര ബന്ധം ഉലഞ്ഞിരുന്നു. മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ വധത്തിന് ഉത്തരവിട്ടത് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി സി.ഐ.എ കണ്ടെത്തിയതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സിഐഎയുടെ കണ്ടെത്തല്‍ പ്രകാരം രേഖകള്‍ വാങ്ങുന്നതിന് ഖഷോഗിയെ ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റിലേക്ക് അയച്ചത് സൗദിയുടെ അമേരിക്കന്‍ അംബാസഡറായ ഖാലിദ് ബിന്‍ സല്‍മാനാണ്. ഇദ്ദേഹം സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനാന്റെ സഹോദരനാണ്. ഖഷോഗിയുമായി ഇദ്ദേഹം നടത്തിയ സംഭാഷണത്തിന്റെ ഫോണ്‍ രേഖ സി.ഐ.എ പരിശോധിച്ചതായിട്ടാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പക്ഷേ ഖഷോഗിയെ വധിക്കാന്‍ പദ്ധതിയുള്ളതായി ഖാലിദിന് അറിവുണ്ടായിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. സി.ഐ.എയുടെ നിഗമനം മുഹമ്മദ് ബിന്‍ സല്‍മാന്റെ നിര്‍ദേശം അനുസരിച്ചാണ് ഖഷോഗിയെ ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റിലേക്ക് അയച്ചതും കൊലപാതകം നടത്തിയതുമെന്നാണ്.

അതേസമയം തുര്‍ക്കിയിലേക്ക് പോകുന്ന കാര്യം ഖഷോഗിയും ഖാലിദും തമ്മില്‍ സംസാരിച്ചിട്ടില്ലെന്നാണ് സൗദി എംബസി വക്താവ് അറിയിച്ചിരിക്കുന്നത്. സി.ഐ.എയുടെ റിപ്പോര്‍ട്ട് അസംബന്ധമാണെന്നും അദ്ദേഹം പറയുന്നു.

Other News in this category



4malayalees Recommends