യുഎസിന് കൂടുതല്‍ കുടിയേറ്റക്കാരെ വേണം; പക്ഷേ നിയമാനുസൃതമായി എത്തുന്നവരാകണം; ഇവിടുത്തെ ഫാക്ടറികളിലേക്ക് കൂടുതല്‍ തൊഴിലാളികളെ വേണം; നിയമപരമായി കുടിയേറുന്നവര്‍ ഏറ്റവും കൂടുതലുള്ള കാലമിത്; പുതിയ നിലപാടുമായി ട്രംപ്

യുഎസിന് കൂടുതല്‍ കുടിയേറ്റക്കാരെ വേണം; പക്ഷേ നിയമാനുസൃതമായി എത്തുന്നവരാകണം; ഇവിടുത്തെ ഫാക്ടറികളിലേക്ക് കൂടുതല്‍ തൊഴിലാളികളെ വേണം; നിയമപരമായി കുടിയേറുന്നവര്‍ ഏറ്റവും കൂടുതലുള്ള കാലമിത്; പുതിയ നിലപാടുമായി ട്രംപ്
താന്‍ കുടിയേറ്റ വിരുദ്ധനല്ലെന്നും യുഎസിന് നിയമാനുസൃതമായി എത്തുന്ന കൂടുതല്‍ കുടിയേറ്റക്കാരെ വേണമെന്നും വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. യുഎസിലേക്ക് തിരിച്ചെത്തുന്ന കമ്പനികള്‍ക്ക് കൂടുതല്‍ തൊഴിലാളികളെ അത്യാവശ്യമായതിനാല്‍ നിയമത്തിന് വിധേയരായി കൂടുതല്‍ കുടിയേറ്റക്കാര്‍ ഇവിടേക്ക് വരുന്നത് തനിക്ക് കാണണമെന്നാണ് ട്രംപ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഫാക്ടറികളും പ്ലാന്റുകളും പ്രവര്‍ത്തിപ്പിക്കാന്‍ കഴിവുള്ളവരെ ഇനിയും ഇവിടേക്ക് ആവശ്യമാണെന്നും ട്രംപ് വ്യക്തമാക്കുന്നു.

പ്രാദേശിക മാധ്യമപ്രവര്‍ത്തകരുടെ ഒരു ഗ്രൂപ്പിനോട് സംസാരിക്കവെയാണ് ട്രംപ് തന്റെ നയം വ്യക്തമാക്കിയിരിക്കുന്നത്. യുഎസിലേക്ക് നിയമപരമായി കുടിയേറുന്നവരുടെ എണ്ണം നിലവില്‍ ഏറ്റവും കുടുതലായിരിക്കുന്നുവെന്ന് ചൊവ്വാഴ്ച രാത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ ട്രംപ് അവകാശപ്പെട്ടിരുന്നു. അധികാരമേറ്റത് മുതല്‍ കുടിയേറ്റക്കാര്‍ക്കെതിരെ കടുത്ത നിലപാട് ട്രംപ് സ്വീകരിച്ച് വരുകയും അതിനെതിരെ ആഗോളതലത്തില്‍ അദ്ദേഹത്തിനെതിരെ കടുത്ത വിമര്‍ശനം നേരിടുകയും ചെയ്യുന്ന വേളയിലാണ് ട്രംപ് തന്റെ നിര്‍ണായകമായ നിലപാട് വ്യക്തമാക്കിയിരിക്കുന്നതെന്നത് പ്രാധാന്യമര്‍ഹിക്കുന്നു.

അനധികൃത കുടിയേറ്റക്കാരെ തടയുന്നതിനായി യുഎസ് മെക്‌സിക്കോ അതിര്‍ത്തിയില്‍ വന്മതില്‍ പണിയണമെന്ന ശക്തമായ ആവശ്യവും ട്രംപ് ഉയര്‍ത്തുന്നുണ്ട്. ഇതിന് കോണ്‍ഗ്രസ് ഫണ്ട് അനുവദിക്കാത്തതിനെ തുടര്‍ന്ന് അദ്ദേഹം കുറച്ച് ദിവസങ്ങളായി യുഎസ് ഗവണ്‍മെന്റിനെ തന്നെ ഷട്ട്ഡൗണ്‍ ചെയ്യുകയും ചെയ്തിരുന്നു. നിയമപരമായ കുടിയേറ്റം വെട്ടിക്കുറയ്ക്കാനുള്ള നീക്കവും ട്രംപ് ഭരണകൂടം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് വിസ അനുവദിക്കുന്നത് വെട്ടിക്കുറയ്ക്കുകയും യുദ്ധത്തെയും പ്രകൃതി ദുരന്തത്തെയും കലാപങ്ങളെയും തുടര്‍ന്ന് ഇവിടേക്ക് എത്തിയ ആയിരക്കണക്കിന് കുടിയേറ്റക്കാരെ മടക്കി അയക്കാനും ട്രംപ് ഉത്തരവിട്ടിരുന്നു. നിയമപരമായ കുടിയേറ്റത്തിന്റെ പരിധി വെട്ടിക്കുറയ്ക്കാന്‍ നിയമം നിര്‍മിക്കാനും ട്രംപ് കോണ്‍ഗ്രസിന് മേല്‍ സമ്മര്‍ദം ചെലുത്തിയിരുന്നു.

Other News in this category



4malayalees Recommends