കേരളത്തിന്റെ മാത്രം സ്വന്തമായ 'ചിലതുകള്‍' ചിതലരിയ്ക്കാതിരിയ്ക്കട്ടെ..

കേരളത്തിന്റെ മാത്രം സ്വന്തമായ 'ചിലതുകള്‍' ചിതലരിയ്ക്കാതിരിയ്ക്കട്ടെ..
എന്ത് കൊണ്ട് കേരളം ഒരു പുണ്യ ഭൂമി ?കേരളം അന്നും ഇന്നും ഒരു പുണ്യഭൂമി തന്നെ. പിന്നെ എന്ത് കൊണ്ട് മലയാളികള്‍ പരസ്പരം മതത്തിന്റെ പേരില്‍ കലഹിക്കുന്നു? അടുത്തകാലത്തായി ചില അന്തച്ഛിദ്രങ്ങള്‍ പെരുകുന്നു.?രാഷ്ട്രീയ അതിപ്രസരം. ദൈവത്തിന്റെ മണ്ണ് തന്നെ ആണ് അന്നും ഇന്നും കേരളം എന്ന് ഉള്ള ചിന്തകള്‍ മനുഷ്യ മനസ്സില്‍ ഇല്ലാതെ ആക്കുന്നതില്‍ അധികാര രാഷ്ട്രീയത്തിന്റെ വാള്‍ മുനയുണ്ട്.

ഇസ്‌ലാമും,കൃസ്ത്യനും,ജൂതനും എല്ലാവരും ആദ്യമായി ഇന്ത്യയില്‍ വരുന്നതും പ്രാര്‍ത്ഥനാലയങ്ങള്‍ നിര്‍മ്മിക്കുന്നതും,മറ്റു മതസ്ഥരും ആയി അതിര്‍ത്തികള്‍ പങ്കുവച്ചു സഹവസിക്കുന്നതും,ഒന്നിച്ചു ഭക്ഷണം കഴിക്കുന്നതും,പരസ്പരം സ്‌നേഹിക്കുന്നതും,കച്ചവടങ്ങളില്‍ പങ്കുകാര്‍ ആകുന്നതും നമ്മുടെ കൊച്ചു കേരളത്തില്‍ ആണ്, കേരളം അന്ന് ഭരിച്ചിരുന്ന ഹിന്ദു രാജാക്കന്മാര്‍ ആണ് അവരെ സ്വാഗതം ചെയ്തതും,അവര്‍ക്കു വേണ്ട സൗകര്യങ്ങള്‍ ചെയ്തു നല്‍കിയതും,യദാര്‍ത്ഥ നവോഥാനം ആരംഭിച്ചതും,പ്രവര്‍ത്തിയില്‍ വന്നതും അന്ന് തന്നെ.

ഏഴാം നൂറ്റാണ്ടില്‍ വടക്കേ മലബാറില്‍ ഇന്ത്യയില്‍ ആദ്യമായി ഇസ്‌ലാം മതം സ്ഥാപിതമാകുകയും,ആദ്യ മോസ്‌ക് ആയ ചേരമന്‍ മസ്ജിത് 629 ല്‍ മാലിക് ദിനാര്‍ സ്ഥാപിക്കുകയും ഉണ്ടായി .

52 AD യില്‍ സെന്റ് തോമസ് ക്രിസ്തുമതം സ്ഥാപിച്ചു.72 AD യില്‍ കൊച്ചിയില്‍ ജൂതമതക്കാര്‍ ആഗതര്‍ ആയി.

ഇവയെല്ലാം ഇന്ത്യയും അതിനോടൊപ്പം കേരളവും ജനാധിപത്യത്തിലേക്ക് കുതിയ്ക്കുന്നതിനു മുന്‍പാണ്.

നിരവധി അയിത്ത,പ്രാചീന ചിട്ടകള്‍ക്കു വിധേയമായിരുന്ന,നിലനിര്‍ത്തിയിരുന്ന ഇതേ കേരളം തന്നെ ആണ് നവോഥാന സമരങ്ങളിലൂടെ കേരളത്തില്‍ ചരിത്രങ്ങള്‍ സൃഷ്ടിച്ചതും.

ലോകത്തിലെ ആദ്യത്തെ ജനാധിപത്യ വ്യവസ്ഥിതിയിലെ കമ്യൂണിസ്റ്റ് സര്‍ക്കാരും കേരളത്തില്‍ തന്നെ.സാക്ഷരതയും,പ്രകൃതി രമണീയതയും,പച്ചപ്പും എല്ലാം ഈ കൊച്ചു കേരളത്തില്‍ തന്നെ.

ഇനി വിദേശ രാജ്യങ്ങളില്‍ ഉള്ള ഇന്ത്യക്കാരുടെ എണ്ണം,ജനസംഖ്യാ ആനുപാതികമായി ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളും ആയി തട്ടിച്ചു നോക്കുമ്പോള്‍ മലയാളികള്‍ മുന്നില്‍ തന്നെ.

ഇന്ത്യയില്‍ വര്‍ഗ്ഗീയ ലഹളകളില്‍ പല സംസ്ഥാനങ്ങള്‍ കത്തി എരിഞ്ഞപ്പോഴും നിശബ്ദത പാലിച്ച കേരളം അന്നും ഇന്നും വര്‍ഗ്ഗീയതയുടെ പേരില്‍ രക്തം ചൊരിയാറില്ല,ചൊരിഞ്ഞിട്ടില്ല.ലഹളകള്‍ ഉണ്ടായിട്ടുണ്ട് എങ്കില്‍ അത് ഭരണ വര്‍ഗ്ഗത്തിനെതിരെയുള്ള അജണ്ടകളുടെ ഭാഗം മാത്രം ആയാണ്.

നവോഥാനം കേരളത്തിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും കുത്തകയല്ല.പരമ്പരാഗതമായി മലയാളിയ്ക്ക് സിദ്ധിച്ചു കിട്ടിയ കഴിവാണ് മറ്റു മതങ്ങളെ,പുരോഗമന പ്രസ്ഥാനങ്ങളെയും,ചിട്ടകളെയും,ഇതര ഭാഷകളെയും ഉള്‍ക്കൊള്ളുക എന്നത്.അതുകൊണ്ടു തന്നെ ഇന്നും മതമാറ്റവും,മിശ്രവിവാഹവും ചില ചെറിയ തീപ്പൊരികള്‍ ഉണ്ട് എങ്കിലും നടക്കുന്നു.

അങ്ങിനെ ഉള്ള സംസ്‌കാരത്തെ അധികാര സ്ഥാപനത്തിന് വേണ്ടി,അധികാരം നിലനിര്‍ത്തുവാന്‍ വേണ്ടി, ഇന്നുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലും പെട്ട ചിലര്‍ പൊളിച്ചടുക്കി കഴിഞ്ഞിരിയ്ക്കുന്നു.മാധ്യമങ്ങള്‍ ഈ രാഷ്ട്രീയ അജണ്ടകള്‍ നടപ്പില്‍ വരുത്തുന്നതിനായി നടത്തുന്ന ക്ഷുദ്രകൃയ വളരെ വലുതാണ്. അറിഞ്ഞോ അറിയാതെയോ മാധ്യമങ്ങളുടെ അവതരണ ശൈലിയില്‍ കുടുങ്ങി ദുര്‍ബലര്‍ ആയ മലയാളികള്‍ പലതും വിശ്വസിക്കുന്നു. പല മിഥ്യകളെയും സത്യമെന്നു കരുതി തെറ്റിന്റെ പാതയിലേക്ക് നയിക്കപ്പെടുന്നു. എല്ലാ മതത്തിലും പെട്ട ചുരുക്കം ചില മത മേധാവികള്‍ക്കും ഇതില്‍ പങ്കു ഉണ്ട് താനും. സാധാരണക്കാരന്റെ മനസ്സിന്റെ ഉള്ളില്‍ മത വെറി ഉടലെടുക്കുന്നതോടെ അവര്‍ സമൂഹത്തിലെ വൈറസ് ആയി മാറുകയാണ്. . ഈ ഒരു അശാന്തലുതിവാസ്ഥ സൃഷ്ടിക്കുന്നതിനായി എല്ലാ പ്രമുഖ രാഷ്ട്രീയ പ്രസ്ഥാനങ്ങളും,മതങ്ങളിലെ തീവ്ര അധികാര വര്‍ഗ്ഗവും സൈബര്‍ പോരാളികളെ ശമ്പളത്തില്‍ നിയമിച്ചിരിയ്ക്കുന്നു.

വിദേശ ശക്തികള്‍ ഇന്ത്യയിലെയും,നമ്മുടെ കൊച്ചു കേരളത്തിലെയും മാധ്യമങ്ങളുടെ മേല്‍ കോടികള്‍ കൊണ്ട് പുതപ്പു തീര്‍ത്തിരിയ്ക്കുന്നു.ഒരു സാധാരണ വോട്ടര്‍,മത വിശ്വാസി,ദൈവ വിശ്വാസി,സാധാരണ രാഷ്ട്രീയ വിശ്വാസികള്‍,കുട്ടി നേതാക്കന്മാര്‍ ,ഈ സൈബര്‍ കുരുക്കിനെ,മാധ്യമ കുരുക്കിനെ കുറിച്ച് അറിവോ,അറിയുവാന്‍ ഉള്ള സമയമോ ഇല്ലാത്തവര്‍ ആണ്.നമ്മുടെ മാധ്യമങ്ങള്‍ ഇന്നുവരെയും ജനങ്ങള്‍കുവേണ്ടി അന്തി ചര്‍ച്ചകള്‍ സംഘടിപ്പിച്ചിട്ടുണ്ടോ?ഇല്ല ചില രാഷ്ട്രീയക്കാര്‍ക്കും,അവരുടെ റേറ്റിങ്ങിനും വേണ്ടി മാത്രം.ജനങ്ങളുടെ ദുര്ബലതയായ മതങ്ങളെയും വിശ്വാസങ്ങളെയും വച്ച് വോട്ട് രാഷ്ട്രീയം.അതിലപ്പുറം എന്താണ് ഇന്നുള്ളത്?

മതവും രാഷ്ട്രീയവും വേറിട്ട് നില്‍കുന്നില്ലാതിടത്തോളം കാലം ഈ വികാരം കൂടുകയും,അധികാര വെറിപൂണ്ട രാഷ്ട്രീയക്കാര്‍ പല രാഷ്ട്രീയ കൂട്ടുകെട്ടുകളില്‍ ജനങ്ങളെ അഭി മുഖീകരിയ്ക്കുകയും ചെയ്യുന്നു.അവര്‍ അതിന്നായി മതങ്ങളെ കൂട്ടുകാരും , മറയും ആക്കി തെരഞ്ഞെടുപ്പ് എന്ന നാടകത്തില്‍ അരങ്ങു തകര്‍ക്കുന്നു. ഒരു മുന്നണികളും മത രാഷ്ട്രീയ ചെറു കക്ഷികളുടെ ചങ്ങാത്തം ഇല്ലാത്തവര്‍ അല്ല.ഓരോ മുന്നണികളുടെയും,സീറ്റു നിര്‍ണ്ണയത്തെയും വീക്ഷിച്ചാല്‍ നമുക്കതു മനസ്സിലാകും.

ഒരു ഇതര മതസ്ഥരും ഇന്ത്യയില്‍ വ്യാപാരത്തിനോ,മത പ്രചാരണത്തിനോ ആയി വന്നിട്ടുണ്ട് എങ്കില്‍ അത് കേരളത്തില്‍ ആണ്.അല്ലാതെ സ്വയം പ്രബുദ്ധത നടിയ്ക്കുന്ന കേരളത്തിന് വെളിയില്‍ ഉള്ള ഇതര സംസ്ഥാനങ്ങളിലോ കാശ്മീരോ ഒന്നും അല്ല.കാരണം നമ്മുടെ സഹിഷ്ണുതാ മനോഭാവം,ഏത് മതസ്ഥരെയും ,ഭാഷയെയും,ഭക്ഷണങ്ങളെയും,വേഷങ്ങളെയും,കലകളെയും ഉള്‍ക്കൊള്ളുവാന്‍ ഉള്ള മനസ്സ്,അത് തന്നെ ആണ് വിദേശത്തും മലയാളികള്‍ വിവിധമതസ്ഥരും ആയി ഭാഷകളും ആയി പൊരുത്തപ്പെട്ടു ജീവിയ്ക്കുന്നത്.

ഒരു ബാബരി മസ്ജിതോ,ശബരിമലയോ,കുരിശടി പ്രശ്‌നങ്ങളോ ഒന്നും നമ്മുടെ മലയാളികളുടെ മനസ്സില്‍ ഇന്ന് വരെ ഒരു ചലനവും സൃഷ്ടിച്ചിട്ടില്ല.അടുത്ത കാലത്തു കണ്ട തെരുവ് യുദ്ധങ്ങള്‍ അമിത ദൈവീക വിശ്വാസത്തില്‍ നിന്നുണ്ടായ ഒരു വികാരം മാത്രം ആണ്.അതിനെ കേരളത്തിലെ പല രാഷ്ട്രീയ കക്ഷികള്‍ ഒന്ന് ചേര്‍ന്ന് വളര്‍ത്തി എന്ന് മാത്രം.ഇനി കേരളം കണ്ട നവോഥാന മതില്‍,അതും വെറും ഒരു പാര്‍ട്ടി ശക്തി പ്രകടനം മാത്രം. .കേരളത്തില്‍ നവോഥാനം എന്നെ നടന്നു കഴിഞ്ഞു.ഹിന്ദു നാട്ടുരാജാവ് ചേരമാന്‍ പള്ളി പണിത കാലത്തെ അത് നടന്നു കഴിഞ്ഞിരിയ്ക്കുന്നു.നാം നിരന്തരം കാണുന്ന മിശ്ര വിവാഹങ്ങള്‍,വിവിധ മതസ്ഥര്‍ ഒന്നിച്ചു കൂടുന്ന ഉത്സവങ്ങള്‍,പെരുന്നാളുകള്‍,ചന്ദനക്കുടമഹോത്സവങ്ങള്‍ ഇവയെല്ലാം നവോഥാന കേരളത്തിന്റെ നിത്യ സത്യങ്ങള്‍ ആണ്.

മറക്കേണ്ട ഇന്ത്യ അല്ല കേരളം.. കേരളം ദൈവത്തിന്റെ സ്വന്തം നാട് തന്നെ അന്നും ഇന്നും.

ഇന്ത്യയിലെ ജനങ്ങള്‍ മറന്നാലും കേരളീയര്‍ മറക്കാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ ഉണ്ട്. അവര്‍ക്കു മാത്രം സ്വന്തമായ ചിലതുകള്‍ അവ ചിതലരിയ്ക്കാതെ ഇരിയ്ക്കട്ടെ

കേരളത്തിന്റെ മാത്രം സ്വന്തമായ 'ചിലതുകള്‍' ചിതലരിയ്ക്കാതിരിയ്ക്കട്ടെ എന്ന് അടിവരയിടുന്നു..


Other News in this category



4malayalees Recommends