ജോയി ചെമ്മാച്ചേലിന്റെ നിര്യാണത്തില്‍ കാനാ അനുശോചിച്ചു

ജോയി ചെമ്മാച്ചേലിന്റെ നിര്യാണത്തില്‍ കാനാ അനുശോചിച്ചു

ചിക്കാഗോ: അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ അഭിമാനവും സാമൂഹ്യ, സാമുദായിക, സാംസ്‌കാരിക, മാധ്യമ പ്രവര്‍ത്തനരംഗത്ത് സജീവ സാന്നിധ്യവുമായിരുന്ന ജോയി ചെമ്മാച്ചേലിന്റെ അകാല നിര്യാണത്തില്‍ ക്‌നാനായ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (കാനാ) അതീവ ദുഖവും അനുശോചനവും രേഖപ്പെടുത്തി. ഫെബ്രുവരി 10ന് സംഘടനയുടെ പുതിയ പ്രസിഡന്റ് ലൂക്കോസ് പാറേട്ടിന്റെ അധ്യക്ഷതയില്‍ ചിക്കാഗോയില്‍ ചേര്‍ന്ന യോഗത്തില്‍ സംബന്ധിച്ച ഏവരും ജോയി ചെമ്മാച്ചേലിനോടുള്ള തങ്ങളുടെ സ്‌നേഹവും ആദരവും പ്രകടിപ്പിച്ചു.



ജോയി ചെമ്മാച്ചേല്‍ ഒരു യഥാര്‍ത്ഥ മനുഷ്യസ്‌നേഹി ആയിരുന്നെന്ന് കാനാ വിലയിരുത്തി. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ജീവിതവൃതമായി സ്വീകരിച്ച അദ്ദേഹം കഷ്ടത അനുഭവിക്കുന്ന നിരവധി ജീവിതങ്ങള്‍ക്ക് സാന്ത്വനമേകുകയും അവരുടെ ജീവിതങ്ങളില്‍ പ്രത്യാശയുടെ കിരണങ്ങള്‍ പടര്‍ത്തുകയും ചെയ്തു. ജാതി, മത, വര്‍ണ്ണ, പ്രായഭേദമെന്യേ ഏവരുമായി നിഷ്‌കളങ്കമായൊരു പുഞ്ചിരിയോടും, ഊഷ്മളമായ സമീപനത്തോടുംകൂടിയുള്ള അദ്ദേഹത്തിന്റെ ഇടപെടലുകള്‍ ജോയി ചെമ്മാച്ചേലിനെ ആദരണീയനായൊരു വ്യക്തിത്വത്തിന്റെ ഉടമയാക്കി. കാനാ എന്ന പ്രസ്ഥാനത്തിന്റെ ആദര്‍ശങ്ങളോട് വിയോജിപ്പ് നിലനിര്‍ത്തുമ്പോഴും, സംഘടനയിലെ പ്രവര്‍ത്തകരോട് ജ്യേഷ്ഠ സഹോദരങ്ങളോടെന്നപോലെ പെരുമാറുവാനുള്ള ഹൃദയ വിശാലത ജോയിച്ചന്‍ സദാ പ്രകടിപ്പിച്ചിരുന്നുവെന്നത് യോഗം പ്രത്യേകം അനുസ്മരിച്ചു. ജോയി ചെമ്മാച്ചേലിന്റെ വേര്‍പാടില്‍ ദുര്‍ഖാര്‍ത്തരായ കുടുംബങ്ങളോടും, ക്‌നാനായ സമുദായത്തോടും, അമേരിക്കന്‍ മലയാളി സമൂഹത്തോടും, നീണ്ടൂര്‍ നിവാസികളോടും പങ്കുചേര്‍ന്ന് പരേതന്റെ ആത്മാവിന്റെ നിത്യശാന്തിക്കായി കാനായും പ്രാര്‍ത്ഥിക്കുന്നു.

പി.ആര്‍.ഒ ജോസഫ് മുല്ലപ്പള്ളില്‍ അറിയിച്ചതാണിത്.


Other News in this category



4malayalees Recommends