കേരള അസോസിയേഷന്‍ ഓഫ് നാഷ്‌വില്‍ സമാഹരിച്ച 85,000 ഡോളര്‍ സ്‌കൂള്‍ പുനര്‍നിര്‍മ്മാണത്തിന് നല്‍കി

കേരള അസോസിയേഷന്‍ ഓഫ് നാഷ്‌വില്‍ സമാഹരിച്ച 85,000 ഡോളര്‍ സ്‌കൂള്‍ പുനര്‍നിര്‍മ്മാണത്തിന് നല്‍കി
നാഷ്‌വില്‍, ടെന്നസി: കേരള അസോസിയേഷന്‍ ഓഫ് നാഷ്‌വില്‍ (കെ.എ.എന്‍)ന്റെ 2019ലെ പ്രവര്‍ത്തന പരിപാടികള്‍ മര്‍ഫീസ്‌ബൊറൊ പാറ്റേഴ്‌സണ്‍ പാര്‍ക്ക് കമ്യൂണിറ്റി സെന്ററില്‍ ജനുവരി 26 ശനിയാഴ്ച നടന്ന പുതുവത്സര പരിപാടികളോടെ തുടക്കം കുറിച്ചു.


പ്രൗഢഗംഭീരമായ ഉത്ഘാടന ചടങ്ങില്‍, കേരള പ്രളയ ദുരിതാശ്വാസ ഫണ്ട് സമാഹരണത്തില്‍ സജീവമായി ഭാഗവാക്കാവുകയും 85000 ഡോളര്‍ (6018070 രൂപ) സമാഹരിക്കുന്നതിന് സഹായിക്കുകയും ചെയ്ത 17 സാമൂഹിക സാംസ്‌കാരിക മത ഇന്ത്യന്‍ സംഘടനാ പ്രതിനിധികളെ മൊമന്റോ നല്കി ആദരിച്ചു.


ഈ തുക കേരളത്തിലെ പതിനാലു ജില്ലകളിലേയും തെരഞ്ഞെടുക്കപ്പെട്ട ഓരോ സ്‌കൂളിന്റെ പുനര്‍നിര്‍മ്മാണത്തിന് വിനിയോഗിക്കുന്നതിന് ഗവര്‍ന്മെന്റിന്റെ ക്രൗഡ് സോര്‍സിങ്ങ് വെബ് സൈറ്റിലൂടെ (rebuild.kerala.gov.in) നിശ്ചയിച്ചു.


കാന്‍ പ്രസിഡണ്ട് ബിജു ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍, വൈസ് പ്രസിഡണ്ട് അശോകന്‍ വട്ടക്കാട്ടില്‍ സ്വാഗതം പറയുകയും സെക്രട്ടറി രാകേഷ കൃഷ്ണന്‍ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.


കാനിന്റെ എല്ലാ എക്‌സിക്യൂട്ടിവ് അഗംങ്ങളും സന്നിഹതരായിരുന്നു. മുന്ന് മാസം നീണ്ട് നില്ക്കുന്ന കാനിന്റെ കായിക മാമാങ്കം, നാഷ്വില്‍ മാരത്തോണ്‍ വളണ്ടിയറിങ്ങ്, ഓണം, ഫാമിലി പിക്‌നിക്ക്, കേരള കഫെ എന്നീ പരിപാടികള്‍ വരും മാസങ്ങളില്‍ പ്ലാന്‍ ചെയ്തിട്ടുണ്ടെന്ന് പ്രസിഡണ്ട് ബിജു ജോസഫ് അറിയിച്ചു.


തുടര്‍ന്ന് പാട്ടുകളും നൃത്തങ്ങളും അടക്കം കാന്‍ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. കാനിന്റെ അനുഗൃഹീത ഗായകര്‍ അവതരിപ്പിച്ച ഗാനമേള സദസ്യരെ ആവേശം കൊള്ളിച്ചു. വിഭവ സമൃദ്ധമായ സദ്യയോടെ പരിപാടികള്‍ പര്യവസാനിച്ചു.


കേരള പ്രളയ ദുരിതാശ്വാസ ഫണ്ട് സമാഹരണ പ്രവര്‍ത്തനത്തില്‍ സഹായിച്ച നാഷ്വില്ലിലെ സംഘടനകള്‍:


1. ഇന്ത്യന്‍ അസോസിയേഷന്‍ ഒഫ് നാഷ്‌വില്‍ (കെ.എ.എന്‍)

2. സൗത്ത് ഈസ്‌റ്റേണ്‍ സിഖ് റിലിജയസ് സൊസൈറ്റി

3. ഗുജറാത്ത് അസോസിയേഷന്‍ ഒഫ് മിഡില്‍ ടെന്നിസ്സി (ജി.എ.എം.ടി)

4. ഗുജറാത്തി കള്‍ച്ചറല്‍ അസോസിയേഷന്‍ (ജി.സി.എ)

5. ശ്രീ ഗണേശ ടെമ്പിള്‍, നാഷ്‌വില്‍

6. മലയാളി ക്രിസ്റ്റന്‍ ഫെല്ലോഷിപ്പ് (എം.സി.എഫ്)

7. ടെന്നിസ്സി തമിഴ് സംഘം (ടി.ടി.എസ്)

8. നാഷ്വില്‍ കന്നഡ കൂട്ട (എന്‍.കെ.കെ)

9. ശ്രീ സായ് ബാബ ടെമ്പിള്‍, നാഷ്‌വില്‍

10. ബംഗാളി അസോസിയേഷന്‍ ഒഫ് നാഷ്‌വില്‍

11. ഇന്ത്യന്‍ കമ്യൂണിറ്റി സീനിയര്‍ സപ്പോര്‍ട്ട് സര്‍വീസസ് (ഐ.സി.എസ്.എസ്.എസ്)

12. മൗണ്ട് ജൂലിയറ്റ് തെലുഗു അസോസ്സിയേഷന്‍

13. ലൈഫ് സ്ട്രീം ചര്‍ച്ച് (എല്‍.എസ്.സി )

14. ജഗനാഥ് സൊസൈറ്റി ഒഫ് അമേരിക്കാസ് (ജെ.എസ്.എ)

15. ടെന്നിസ്സി തെലുഗു സമിതി

16. ബാപ്‌സ് ശ്രീ സ്വാമി നാരായണ മന്ദിര്‍(ബി.എ.പി.എസ്)

17. പട്ടേല്‍ ബ്രദേഴ്‌സ് ഗ്രോസറി.


Other News in this category



4malayalees Recommends