റോഡ് മുറിച്ചുകടക്കവേ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെഎസ്ആര്‍ടിസി ബസ് ഇടിച്ചു മരിച്ചു, ഉറ്റ സുഹൃത്തിന്റെ മരണം കണ്‍മുന്നില്‍ കണ്ട ഞെട്ടലില്‍ കൂട്ടുകാരി

റോഡ് മുറിച്ചുകടക്കവേ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെഎസ്ആര്‍ടിസി ബസ് ഇടിച്ചു മരിച്ചു, ഉറ്റ സുഹൃത്തിന്റെ മരണം കണ്‍മുന്നില്‍ കണ്ട ഞെട്ടലില്‍ കൂട്ടുകാരി
റോഡ് മുറിച്ചുകടന്ന വിദ്യാര്‍ത്ഥിനി കൂട്ടുകാരിയുടെ കണ്‍മുന്നില്‍ കെ.എസ്.ആര്‍.ടി.സി. ബസ് ഇടിച്ചു മരിച്ചു. മണ്ണഞ്ചേരി പനയ്ക്കല്‍ പള്ളിക്കു സമീപം കോയിപ്പറമ്പു വീട്ടില്‍ സഫ്‌ന സിയാദ് (15) ആണു മരിച്ചത്. കലവൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരിച്ച സഫ്‌ന.

ആലപ്പുഴമുഹമ്മ റോഡില്‍ കോമളപുരത്ത് ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടേകാലോടെ ആയിരുന്നു അപകടം. ട്യൂഷന്‍ സെന്ററിലേക്കു പോകാനായി സ്വകാര്യ ബസ് ഇറങ്ങി എതിര്‍വശത്തേക്കു നടക്കുമ്പോഴായിരുന്നു അപകടം. ഇതേസമയം സ്വകാര്യ ബസിനെ മറികടന്നെത്തിയതായിരുന്നു കെ.എസ്.ആര്‍.ടി.സി. വേണാട് ബസ്. അമിതവേഗതയിലായിരുന്ന ബസ് സഫ്‌നയെ ഇടിച്ചു. മുന്നിലെ വലതു ടയറിനടിയില്‍പ്പെട്ട സഫ്‌നയെയും കൊണ്ട് പത്ത് മീറ്ററോളം ബസ് മുന്നോട്ട് പോയി.

സഫ്‌നയുടെ സഹപാഠി ആവണിയുടെ കണ്‍മുന്നിലായിരുന്നു അപകടം. സഫ്‌ന റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ കെ.എസ്.ആര്‍.ടി.സി. ബസ് പാഞ്ഞുവരുന്നത് ആവണി കാണുന്നുണ്ടായിരുന്നു. ഉടന്‍ തന്നെ തിരിഞ്ഞ് ബസ് നിര്‍ത്താന്‍ ആവണി അലറിവിളിച്ചെങ്കിലും കാര്യമുണ്ടായില്ല. അപകടത്തെ തുടര്‍ന്ന് ഓടി രക്ഷപ്പെട്ട കെ.എസ്.ആര്‍.ടി.സി. ആലപ്പുഴ ഡിപ്പോയിലെ ഡ്രൈവര്‍ നൗഷാദിനെ ആലപ്പുഴ നോര്‍ത്ത് പോലീസ് അറസ്റ്റുചെയ്തു.

Other News in this category



4malayalees Recommends