ഇത് സന്തോഷത്തിന്റെയും, ആഘോഷങ്ങളുടെയും രാവ്! ആസ്വാദനത്തിന്റെ പുതിയ തലങ്ങള്‍ കീഴടക്കി ജിഎംഎയുടെ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷങ്ങള്‍.

ഇത് സന്തോഷത്തിന്റെയും, ആഘോഷങ്ങളുടെയും രാവ്! ആസ്വാദനത്തിന്റെ പുതിയ തലങ്ങള്‍ കീഴടക്കി ജിഎംഎയുടെ  ക്രിസ്മസ് ന്യൂഇയര്‍ ആഘോഷങ്ങള്‍.
ക്രിസ്മസ്‌ന്യൂഇയര്‍ രാവ് ആഘോഷപൂര്‍വ്വം കൊണ്ടാടി ഗ്ലോസ്റ്റര്‍ഷയര്‍ മലയാളി അസോസിയേഷന്‍. ആഘോഷങ്ങളെ പുതിയ തലത്തിലേക്ക് എത്തിച്ച് കൊണ്ടാണ് പങ്കെടുത്ത എല്ലാവരെയും ഒരുപോലെ, പ്രായഭേദമെന്യേ ആസ്വദിക്കാവുന്ന അവസരമാക്കി ആഘോഷങ്ങള്‍ മാറ്റിയത്. മുപ്പതോളം കുട്ടികള്‍ പങ്കെടുത്ത നേറ്റിവിറ്റി പ്രോഗ്രാമുകളോടെയാണ് പരിപാടിക്ക് തുടക്കമായത്.

ജിഎംഎ ക്രിസ്മസ്‌ന്യൂഇയര്‍ ആഘോഷങ്ങള്‍ പ്രസിഡന്റ് അനില്‍ തോമസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടിറി ബിസ്‌പോള്‍ മണവാളന്‍ സ്വാഗത പ്രസംഗവും, ട്രഷറര്‍ അരുണ്‍കുമാര്‍ പിള്ള നന്ദിയും അറിയിച്ചു. ഇതിന് ശേഷമായിരുന്നു ആഘോഷങ്ങളുടെ നിര വേദിയിലേക്ക് ഒഴുകിയെത്തിയത്.

ജിഎംഎ വേദിയെ ഭക്തിസാന്ദ്രമാക്കി നടത്തിയ കരോള്‍ ആലാപനമായിരുന്നു ആദ്യമെത്തിയത്. മികവേറിയ രണ്ട് ടീമുകള്‍ മത്സരങ്ങള്‍ ഒഴിവാക്കി ഹൃദ്യമായ രീതിയില്‍ കരോള്‍ ആലപിച്ച് സദസ്സിന്റെ ഹൃദയം കീഴടക്കി. ഇതിന് ശേഷമായിരുന്നു ഡ്രംസ് വായിച്ചും, കുട്ടികളുടെ അകമ്പടിയുമായി ക്രിസ്മസ് സാന്റ രംഗപ്രവേശം ചെയ്ത് ആവേശം ഇരട്ടിയാക്കിയത്.


വേദിയിലെത്തിയ സാന്റ കേക്ക് മുറിച്ച് ക്രിസ്മസ് മധുരം പങ്കുവെച്ചു. പിന്നാലെ ജിഎംഎ അംഗങ്ങള്‍ കോര്‍ത്തിണക്കിയ വൈവിധ്യമാര്‍ന്ന നൃത്ത, സംഗീത പരിപാടികള്‍ അരങ്ങേറി. കൃത്യതയോടെ തയ്യാറാക്കിയ നൃത്തച്ചുവടുകള്‍ സദസ്സിനെ ഒന്നടങ്കം ആഹ്ലാദിപ്പിച്ചു. ജിഎംഎയുടെ കുട്ടികള്‍ നടത്തിയ വിശാലമായ തയ്യാറെടുപ്പ് വേദിയില്‍ പ്രതിഫലിക്കുകയും ചെയ്തു.


ചടങ്ങില്‍ വെച്ച് ജിഎംഎ ലക്കി ബംബര്‍ റാഫിള്‍ ഡ്രോയിലെ ജേതാവ് മാത്യൂ ഇടിക്കുളയ്ക്ക് ജെകെവി ഓഫര്‍ ചെയ്യുന്ന 1 എയര്‍കണ്ടീഷണറും സമ്മാനിച്ചു. ഇന്‍സ്റ്റലേഷന്‍ ഉള്‍പ്പെടെ സൗജന്യമായാണ് സമ്മാനം എത്തിക്കുക. ഇക്കുറി ജിഎംഎ ക്രിസ്മസ്‌ന്യൂഇയര്‍ ആഘോഷങ്ങളിലെ മറ്റൊരു പ്രധാന ആകര്‍ഷണമായിരുന്നു സ്‌പെഷ്യല്‍ വയലിന്‍ പ്രോഗ്രാമും, ഡിജെയും. അസീര്‍ മുഹമ്മദാണ് സദസ്സിനെ ഇളക്കിമറിച്ച ഈ സംഗീത നിമിഷങ്ങള്‍ നയിച്ചത്.

ഇതിന് പുറമെ ജിഎംഎയുടെ നേതൃത്വത്തില്‍ മറ്റൊരു ഗംഭീര പരിപാടിക്കുള്ള ഒരുക്കങ്ങള്‍ക്കും തുടക്കം കുറിച്ചു. 2024 ഏപ്രില്‍ 20ന് ഈസ്റ്റര്‍വിഷു മെഗാ ഷോ നടത്തുമെന്ന് ഭാരവാഹികള്‍ പ്രഖ്യാപിച്ചു. 500ലേറെ പേരാണ് ജിഎംഎ ക്രിസ്മസ്‌ന്യൂഇയര്‍ ആഘോഷരാവില്‍ പങ്കെടുക്കാനായി ഒഴുകിയെത്തിയത്. വൈകുന്നേരം 4.30 ആരംഭിച്ച പരിപാടികള്‍ക്ക് രാത്രി 11 മണിയോടെ സമാപനമായി. ജിഎംഎ അംഗങ്ങളുടെ നേതൃത്വത്തില്‍ ഒരുക്കിയ രുചിയേറിയ ഭക്ഷ്യവിഭവങ്ങളും ആസ്വാദ്യകരമായി.


ഒരു പുതിയ വര്‍ഷത്തിലേക്ക് ചുവടുവെയ്ക്കുമ്പോള്‍ ഗോസ്റ്റര്‍ഷയര്‍ മലയാളി അസോസിയേഷനിലെ അംഗങ്ങള്‍ തമ്മിലുള്ള ഒത്തൊരുമ കൂടുതല്‍ മികവുറ്റതായി മാറുന്നുവെന്ന് വിജയകരമായ ആഘോഷങ്ങള്‍ തെളിവാകുന്നു.


Other News in this category



4malayalees Recommends