മോസ്‌കോ ഭീകരാക്രമണത്തില്‍ 11 പേര്‍ പിടിയില്‍; കടുത്ത ശിക്ഷ നല്‍കുമെന്ന് പുടിന്‍ ; പ്രതികള്‍ യുക്രൈനിലേക്ക് കടക്കാന്‍ ശ്രമിച്ചെന്നും ഇവര്‍ യുക്രൈന്‍ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തിയെന്നും റഷ്യ

മോസ്‌കോ ഭീകരാക്രമണത്തില്‍ 11 പേര്‍ പിടിയില്‍; കടുത്ത ശിക്ഷ നല്‍കുമെന്ന് പുടിന്‍ ; പ്രതികള്‍ യുക്രൈനിലേക്ക് കടക്കാന്‍ ശ്രമിച്ചെന്നും ഇവര്‍ യുക്രൈന്‍ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തിയെന്നും റഷ്യ
റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ നടന്ന ഭീകരാക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത നാല് പേര്‍ ഉള്‍പ്പെടെ 11 പേര്‍ പിടിയില്‍. യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്നാണ് 11 പേരെ പിടികൂടിയതെന്ന് റഷ്യ അറിയിച്ചു. ക്രോക്കസ് സിറ്റി ഹാളിലെ സംഗീത പരിപാടിയ്ക്കിടെ നടന്ന ഭീകരാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 150 ആയെന്നാണ് റഷ്യന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റഷ്യയില്‍ ഇന്ന് ദുഖാചരണമാണ്.

ഇന്ന് ദുഖാചരണമാണെന്ന വിവരം റഷ്യന്‍ പ്രസിഡന്റ് വല്‍ദിമിര്‍ പുടിനാണ് പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം മോസ്‌കോയില്‍ നടന്നത് കിരാതമായ ഭീകരാക്രമണമായിരുന്നെന്ന് പുടിന്‍ അപലപിച്ചു. കൊല്ലപ്പെട്ടവര്‍ എല്ലാവരും നിഷ്‌കളങ്കരായ, സമാധാനകാംഷികളായ സാധു മനുഷ്യരായിരുന്നെന്നും പുടിന്‍ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

വെടിവയ്പ്പ് നടത്തിയ നാല് തോക്കുധാരികളുള്‍പ്പെടെ 11 പേരെയാണ് പിടികൂടിയതെന്ന് പുടിന്‍ രാജ്യത്തെ അറിയിച്ചു. ഇവര്‍ക്ക് കഠിനമായ ശിക്ഷ നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. പ്രതികള്‍ യുക്രൈനിലേക്ക് കടക്കാന്‍ ശ്രമിച്ചെന്നും ഇവര്‍ യുക്രൈന്‍ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നതെന്നും പുടിന്‍ പറഞ്ഞു. ഈ ഭീകരാക്രമണത്തില്‍ യുക്രൈനും പങ്കുണ്ടെന്നും പുടിന്‍ ആരോപിച്ചു. എന്നാല്‍ റഷ്യയുടെ ആരോപണങ്ങള്‍ ശുദ്ധ അസംബന്ധമാണെന്ന് യുക്രൈന്‍ ഭരണകൂടം തള്ളി.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു. സംഗീത പരിപാടി നടക്കുന്ന ഹാളിലേക്ക് പ്രവേശിച്ച ആയുധ ധാരികളായ സംഘം വെടിയുതിര്‍ക്കുകയായിരുന്നു.ഗ്രനേഡുകളും ബോംബുകളും ഉപയോഗിച്ച് സ്‌ഫോടനവും നടത്തിയിരുന്നു. ഇതോടെ ഹാളിന് തീപിടിച്ചു. തീപടര്‍ന്ന് ഹാളിന്റെ മേല്‍ക്കൂര ഇടിഞ്ഞുവീണു. വെടിവയ്പ്പിനെത്തുടര്‍ന്നു പുറത്തേക്ക് ഓടിരക്ഷപ്പെടാനുള്ള തിക്കിലും തിരക്കിലും പെട്ടാണു ചിലര്‍ മരിച്ചത്. സൈനികരുടേതുപോലുള്ള വസ്ത്രം ധരിച്ചാണ് അക്രമികള്‍ എത്തിയിരുന്നത്.

Other News in this category



4malayalees Recommends