റെന്റേഴ്‌സ് റിഫോം ബില്ലിന് എംപിമാരുടെ അംഗീകാരം; കാരണമില്ലാതെ പുറത്താക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്താനുള്ള നയം അനിശ്ചിതമായി നീളും; വാടകക്കാര്‍ക്ക് സമാധാനമായി കഴിയാനുള്ള അവകാശം മന്ത്രിമാര്‍ നിഷേധിക്കുന്നുവെന്ന് വിമര്‍ശനം

റെന്റേഴ്‌സ് റിഫോം ബില്ലിന് എംപിമാരുടെ അംഗീകാരം; കാരണമില്ലാതെ പുറത്താക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്താനുള്ള നയം അനിശ്ചിതമായി നീളും; വാടകക്കാര്‍ക്ക് സമാധാനമായി കഴിയാനുള്ള അവകാശം മന്ത്രിമാര്‍ നിഷേധിക്കുന്നുവെന്ന് വിമര്‍ശനം
ഗവണ്‍മെന്റിന്റെ റെന്റേഴ്‌സ് റിഫോം ബില്ലിന് അനുകൂലമായി വിധിയെഴുതി എംപിമാര്‍. അകാരണമായി പുറത്താക്കുന്നത് നിരോധിക്കാനുള്ള നയം നടപ്പാക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നതാണ് കല്ലുകടിയായി മാറുന്നത്.

സെക്ഷന്‍ 21 പ്രകാരമുള്ള കാരണം കാണിക്കാതെയുള്ള പുറത്താക്കല്‍ നിയമവിരുദ്ധമാക്കുന്നത് കോടതി നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ നീട്ടിവെയ്ക്കാനുള്ള ഭേദഗതി ഉള്‍പ്പെടെയാണ് പാസാക്കിയത്. കടുത്ത വിമര്‍ശനം ഉയര്‍ന്നെങ്കിലും എംപിമാരില്‍ ഭൂരിപക്ഷവും ബില്ലിനെ അനുകൂലിച്ചു. ഇതോടെയാണ് ബില്‍ പാസായത്.

സെക്ഷന്‍ 21 നോട്ടീസ് പ്രകാരമാണ് ലാന്‍ഡ്‌ലോര്‍ഡ്‌സിന് വാടകക്കാരെ കാരണം കാണിക്കാതെ പുറത്താക്കാന്‍ അനുമതി നല്‍കുന്നത്. വീട് വാടകയ്ക്ക് എടുക്കുന്നവരെ സംബന്ധിച്ച് അനിശ്ചിതത്വം സൃഷ്ടിക്കുന്നതാണ് ഈ നയം. അഞ്ച് വര്‍ഷം മുന്‍പ് തെരേസ മേയ് പ്രധാനമന്ത്രി പദത്തില്‍ ഇരിക്കുമ്പോള്‍ നിരോധനം നടപ്പാക്കുമെന്ന് ഗവണ്‍മെന്റ് വാഗ്ദാനം ചെയ്തിരുന്നു.

എന്നാല്‍ സെക്ഷന്‍ 21 റദ്ദാക്കുന്നത് പുറത്താക്കല്‍ കേസുകള്‍ കോടതികൡ കൂടുതല്‍ സങ്കീര്‍ണ്ണമായി നീണ്ട് പോകുമെന്നാണ് ലാന്‍ഡ്‌ലോര്‍ഡ്‌സ് ഭയപ്പെടുന്നത്. ടോറി ബാക്ക്‌ബെഞ്ച് എംപിമാരില്‍ നിരവധി പേര്‍ ഈ ആശങ്ക പങ്കുവെച്ചു. കോടതി നടപടികള്‍ പൂര്‍ത്തിയാക്കുന്നത് വരെ നിരോധനം നീളുമെന്ന് സര്‍ക്കാര്‍ സമ്മതിച്ചതോടെ സെക്ഷന്‍ 21 നിരോധനം എപ്പോള്‍ നടപടിയാകുമെന്ന് ഉറപ്പില്ലാതായി.

Other News in this category



4malayalees Recommends