മെല്‍ബണില്‍ ജൂത ദേവാലയത്തിന് നേരെയുണ്ടായത് ഭീകരാക്രമണമെന്ന് പൊലീസ് . തെക്കു കിഴക്കന്‍ മെല്‍ബണിലെ അഡാസ് ഇസ്രയേല്‍ സിനഗോഗാണ് വെള്ളിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെ കത്തിനശിച്ചത്.
പുലര്‍ച്ചെ ഉണ്ടായ ആക്രമണത്തില്‍ സിനഗോഗിലെ മൂന്ന് കെട്ടിടങ്ങളില്‍ രണ്ടെണ്ണവും കത്തി നശിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെയാണ് തിരയുന്നതെന്ന് വിക്ടോറിയ പൊലീസ് അറിയിച്ചു.
പ്രാഥമിക അന്വേഷണങ്ങളുടെ വെളിച്ചത്തിലാണ് ഇത് ഭീകരാക്രമണമാണെന്ന് പൊലീസ് പ്രഖ്യാപിച്ചത്. ഈ പ്രഖ്യാപനത്തോടെ അന്വേഷണം സംയുക്ത ഭീകര വിരുദ്ധ സേനയ്ക്ക് കൈമാറും. സംശയം തോന്നുന്നവരെ വാറന്റ് ഇല്ലാതെ പരിശോധിക്കാന്‍ പൊലീസിന് അധികാരം ലഭിക്കുമെന്ന് വിക്ടോറിയന്‍ പ്രീമിയര്‍ അറിയിച്ചു.
വിക്ടോറിയന്‍ രഹസ്യാന്വേഷണ വിഭാഗവും സംഭവത്തില്‍ അന്വേഷണം തുടങ്ങി.
തീയിടാനായി എന്താണ് ഉപയോഗിച്ചതെന്ന് കണ്ടെത്താനായി വിദഗ്ധര്‍ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ മുഖംമൂടി ധാരികളായ രണ്ട് പേര്‍ ദേവാലയത്തിന് സമീപത്ത് നിന്ന് പോകുന്നത് ശ്രദ്ധിച്ചതായി ദൃക്സാക്ഷികള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ജൂത വിരുദ്ധ നീക്കങ്ങള്‍ രാജ്യത്ത് വര്‍ദ്ധിക്കുന്നതായി പരാതി ഉയരുന്നുണ്ട്.