മൊബൈല്‍, ബ്രോഡ്ബാന്‍ഡ്, പേ ടി കമ്പനികള്‍ക്ക് തോന്നുംപടി നിരക്ക് വര്‍ദ്ധിപ്പിക്കാനുള്ള അവകാശം റദ്ദാക്കി റെഗുലേറ്റര്‍. ഒരു ഉപഭോക്താവ് കരാര്‍ പ്രകാരം സേവനം ഉപയോഗിക്കുന്നതിനിടെ മുന്നറിയിപ്പില്ലാതെ വില വര്‍ദ്ധിപ്പിക്കുന്ന നടപടിക്കാണ് റെഗുലേറ്റര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.
വെള്ളിയാഴ്ച മുതല്‍ ആരെങ്കിലും കരാര്‍ അംഗീകരിച്ചാല്‍ സേവനദാതാക്കള്‍ പൗണ്ടും, പെന്‍സും തിരിച്ച് വില എത്ര ഉയരുമെന്ന് തുക വ്യക്തമാക്കണം. കൂടാതെ ഏത് സമയത്ത് ഈ വര്‍ദ്ധന ഉണ്ടാകുകയെന്നും അറിയിക്കണം. എനര്‍ജി ബില്ലുകള്‍ക്കൊപ്പം മറ്റ് ബില്ലുകളും കുതിച്ചുയര്‍ന്നപ്പോള്‍ ബജറ്റ് തകര്‍ന്നുപോയെന്ന് പരാതി ഉയര്‍ന്നതോടെയാണ് ഓഫ്‌കോം നടപടി.
എന്നിരുന്നാലും കോണ്‍ട്രാക്ടിന് ഇടയ്ക്ക് വെച്ച് നിരക്ക് ഉയര്‍ത്തുന്നതിന് പരിപൂര്‍ണ്ണ വിലക്ക് ഇത് സമ്മാനിക്കുന്നില്ലെന്ന് സിറ്റിസണ്‍സ് അഡൈ്വസ് പറഞ്ഞു. പണപ്പെരുപ്പവുമായി ബന്ധപ്പെട്ട് നിരക്ക് ഉയര്‍ത്താന്‍ പല ടെലികോം കമ്പനികളും കരാര്‍ വ്യവസ്ഥകള്‍ അടുത്തിടെ മാറ്റിയിരുന്നു.
ഈ ഘട്ടത്തിലാണ് കുടുംബ ബജറ്റുകളെ താളം തെറ്റിക്കുന്ന വിധത്തില്‍ സര്‍പ്രൈസായി നിരക്ക് ഉയര്‍ത്തുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുന്നതെന്ന് ഓഫ്‌കോം ഡയറക്ടര്‍ നതാലി ബ്ലാക്ക് പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് എത്ര തുക, എപ്പോള്‍ നല്‍കേണ്ടി വരുമെന്ന് മുന്‍കൂര്‍ വ്യക്തതയും ലഭിക്കും.