യുകെയുടേയും ജര്‍മ്മനിയുടേയും ദേശീയ രാഷ്ട്രീയത്തില്‍ സ്വാധീനം ചെലുത്താനുള്ള കോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ ശ്രമം സ്വീകാര്യമല്ലെന്ന് യൂറോപ്യന്‍ ജനത. ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂഗോവ്, യുകെയിലും ജര്‍മ്മനിയിലും നടത്തിയ സര്‍വേയിലാണ് ജനങ്ങള്‍ മസ്‌കിനോടുള്ള അതൃപ്തി പ്രകടമാക്കിയത്.തങ്ങളുടെ രാജ്യത്തെ കുറിച്ചോ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളോ അറിയാത്ത മസ്‌ക് രാഷ്ട്രീയത്തില്‍ ഇടപെടേണ്ടതില്ല എന്നാണ് സര്‍വേയില്‍ പങ്കെടുത്തവരില്‍ ഭൂരിപക്ഷത്തിന്റെയും നിലപാട്.
ടെസ്ല, സ്‌പേസ് എക്‌സ്, സമൂഹമാധ്യമമായ എക്‌സ് എന്നിവയുടെ ഉടമയായ ഇലോണ്‍ മസ്‌ക്, ജര്‍മന്‍ ചാന്‍സലര്‍ ഒലഫ് ഷോള്‍സിനും ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിനുമെതിരെ രംഗത്തുവന്നിരുന്നു.
തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ജര്‍മ്മനിയില്‍ തീവ്രവലതുപക്ഷ പാര്‍ട്ടിയായ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനിയെ അനുകൂലിക്കുന്ന മസ്‌ക് ഷോള്‍സിനെ ' കഴിവില്ലാത്ത വിഡ്ഡി' എന്നു വിളിക്കുകയും ചെയ്തിരുന്നു. യുകെയില്‍ അക്രമം അഴിച്ചുവിട്ട തീവ്ര വലതുപക്ഷക്കാര്‍ക്കെതിരെ ജുഡീഷ്യല്‍ നടപടി സ്വീകരിച്ചതിന് സ്റ്റാര്‍മറിനെയും മക്‌സ് കുറ്റപ്പെടുത്തിയിരുന്നു. രണ്ടു രാജ്യങ്ങളില്‍ നിന്നായി 2200 പേരുടെ അഭിപ്രായമാണ് യൂഗോവ് സര്‍വേ തേടിയത്.
എന്നാല്‍ മസ്‌കിന്റെ ഇടപെടലുകള്‍ ആവശ്യമില്ലെന്നാണ് യൂഗോവ് സര്‍വേയില്‍ പങ്കെടുത്ത യുകെയില്‍ നിന്നുള്ള 69 ശതമാനം പേരും ജര്‍മ്മനിയില്‍ നിന്നുള്ള 73 ശതമാനം പൗരന്മാരും അഭിപ്രായപ്പെട്ടത്.
യൂറോപ്പിലെ രാഷ്ട്രീയത്തില്‍ മസ്‌കിന് അറിവില്ലെന്നും സര്‍വ്വേയില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
2024 ല്‍ യുഎസിലെ തിരഞ്ഞെടുപ്പ് സര്‍വ്വേയില്‍ ട്രംപിന് വേണ്ട് മസ്‌ക് സജീവമായി പ്രവര്‍ത്തിച്ചു. 250 ദശലക്ഷം ഡോളറാണ് ട്രംപിനായി മസ്‌ക് ചിലവാക്കിയത്.
ജര്‍മനിയില്‍ തീവ്രവലതുപക്ഷ പാര്‍ട്ടിയെ പിന്തുണക്കണമെന്നാവശ്യപ്പെട്ട് മസ്‌ക് ലേഖനമെഴുതിയിരുന്നു. എന്നാല്‍ മസ്‌കിന്റെ ഇടപെടലിനെ ജനങ്ങള്‍ എതിര്‍ക്കുന്നുവെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്.
2022 ല്‍ 4400 കോടി ഡോളറിന് ട്വിറ്റര്‍ വാങ്ങിയ മസ്‌ക് സമൂഹ മാധ്യമത്തെ മോശമായാണ് കൈകാര്യം ചെയ്തുവെന്നാണ് 84 ശതമാനം ബ്രിട്ടീഷുകാരും അഭിപ്രായപ്പെടുന്നത്.