സെയ്ഫ് അലിഖാനെ അക്രമിച്ച സംഭവത്തില്‍ ഭാര്യയും നടിയുമായ കരീന കപൂറിന്റെ മൊഴി വിവരങ്ങള്‍ പുറത്ത്. വീട്ടില്‍ നിന്നും ഒന്നും നഷ്ടപെട്ടിട്ടില്ല എന്ന് കരീന വ്യക്തമാക്കി. കുട്ടിയെ അക്രമിക്കാനാണ് പ്രതി ശ്രമിച്ചത്. അക്രമം നടക്കുമ്പാള്‍ താന്‍ പേടിച്ചു പോയി. സെയ്ഫ്, അദ്ദേഹം ഒറ്റക്കാണ് അക്രമിയെ നേരിട്ടത് എന്ന് കരീന പൊലീസിന് മൊഴി നല്‍കി.
സെയ്ഫിന് കുത്തേറ്റതുകണ്ട് ഭയപ്പെട്ടുപോയ തന്നെ സഹോദരി കരിഷ്മ കപൂര്‍ എത്തിയാണ് വീട്ടിലേക്ക് കൊണ്ടുപോയതെന്നും കരീന പൊലീസിനോട് പറഞ്ഞു. അതേസമയം, സെയ്ഫ് അലിഖാനെ ആക്രമിച്ച പ്രതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. സിസിടിവി ദൃശ്യവുമായി രൂപസാദൃശ്യം തോന്നിയ യുവാവിനെ ഇന്നലെ മണിക്കൂറുകള്‍ ചോദ്യം ചെയ്തശേഷം വിട്ടയച്ചു.
മൂന്ന് ദിവസം മുമ്പ് സെയ്ഫിന്റെ ഫ്ളാറ്റില്‍ മരപ്പണിക്കെത്തിയ ആളാണിത്. ആരോഗ്യനില മെച്ചപ്പെട്ട സെയ്ഫ് അലി ഖാനെ ഐസിയുവില്‍ നിന്ന് മുറിയിലേക്ക് മാറ്റിയിട്ടുണ്ട്. അദ്ദേഹത്തിന് നടക്കാന്‍ കഴിയുന്നുണ്ടെന്നും തിങ്കളാഴ്ച ആശുപത്രി വിടാമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സെയ്ഫിന്റെ മുംബൈയിലെ വസതിയില്‍ ആക്രമണമുണ്ടായത്.
വീടിനുള്ളില്‍ അസ്വാഭാവിക ശബ്ദം കേട്ട് ജോലിക്കാരിയാണ് ആദ്യം ഉണര്‍ന്നത്. തുടര്‍ന്ന് ഇവര്‍ ശബ്ദം കേട്ട സ്ഥലത്തേയ്ക്ക് എത്തുകയും അക്രമിയെ കാണുകയുമായിരുന്നു. പ്രതിരോധിക്കുന്നതിനിടെ ഇവരുടെ നിലവിളി കേട്ടാണ് സെയ്ഫ് അലി ഖാന്‍ അവിടേയ്ക്ക് എത്തുന്നത്. തുടര്‍ന്ന് അക്രമിയെ തടയാന്‍ ശ്രമിക്കുന്നതിനിടെ സെയ്ഫിന് കുത്തേല്‍ക്കുകയായിരുന്നു.