ഇംഗ്ലണ്ടിലെ സുപ്രധാന എന്‍എച്ച്എസ് ട്രസ്റ്റില്‍ നടന്ന നൂറിലേറെ സര്‍ജറി മരണങ്ങളില്‍ അന്വേഷണം ആരംഭിച്ച് പോലീസ്. സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ ഏറ്റവും വലിയ എന്‍എച്ച്എസ് ട്രസ്റ്റുകളില്‍ ഒന്നായ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് സസെക്‌സ് എന്‍എച്ച്എസ് ട്രസ്റ്റില്‍ അരങ്ങേറിയ സര്‍ജറികള്‍ 200-ലേറെ പേര്‍ക്ക് മരണവും, അപകടങ്ങളും സമ്മാനിച്ചെന്നാണ് വെളിപ്പെടുത്തല്‍.
ട്രസ്റ്റിലെ ജനറല്‍ സര്‍ജറി, ന്യൂറോ സര്‍ജറി വിഭാഗങ്ങളെ കുറിച്ചാണ് വിവരങ്ങള്‍ വെളിപ്പെടുത്തിയവര്‍ ആശങ്ക അറിയിച്ചിരിക്കുന്നതെന്ന് ഐടിവി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.2023-ല്‍ പോലീസ് ആദ്യത്തെ അന്വേഷണം ആരംഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കേസുകളുടെ എണ്ണം ഇരട്ടിക്കുകയാണ് ചെയ്തത്.
ട്രസ്റ്റില്‍ നടന്ന മോശം പരിചരണങ്ങളും, പ്രാക്ടീസും വ്യക്തമാക്കുന്ന 100-ലേറെ കേസുകള്‍ പോലീസ് അന്വേഷണത്തില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട് 130 സ്റ്റേറ്റ്‌മെന്റുകളും, 550 റിപ്പോര്‍ട്ടുകളും സസെക്‌സ് പോലീസ് തയ്യാറാക്കിയിട്ടുണ്ട്. ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള 200 പുതിയ മെഡിക്കല്‍ വീഴ്ച കേസുകള്‍ക്ക് പുറമെയാണിത്.
ബ്രൈറ്റണിലെ റോയല്‍ സസെക്‌സ് കൗണ്ടി ആശുപത്രിയില്‍ തന്റെ മകന് സര്‍ജറി നടത്തിയ ശേഷം നടന്ന മരണങ്ങളില്‍ സംശയങ്ങള്‍ ഉണ്ടായെങ്കിലും ട്രസ്റ്റ് തൃപ്തികരമായ മറുപടി നല്‍കിയില്ലെന്ന് ഒരു രോഗിയുടെ പിതാവ് വെളിപ്പെടുത്തി. സ്ഥാപനത്തെ വിശ്വസിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ഇദ്ദേഹം പറയുന്നു. മറ്റ് പല രോഗികള്‍ക്കും സര്‍ജറികള്‍ക്ക് ശേഷം വേദനകള്‍ ബാക്കിയാണ്.
യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ സസെക്‌സ് നല്‍കിയ പരിചരണത്തില്‍ ആശങ്കയുള്ളവര്‍ മുന്നോട്ട് വരണമെന്ന് അഭിഭാഷകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തില്‍ വിദഗ്ധ അഭിപ്രായം ലഭിക്കാനായി സ്വതന്ത്ര സ്‌പെഷ്യലിസ്റ്റ് കണ്‍സള്‍ട്ടന്റുമാരുടെയും സഹായം തേടിയിരിക്കുകയാണ് പോലീസ്.