നന്ദമൂരി ബാലകൃഷ്ണയുടെ പോസ്റ്ററില്‍ ആടിന്റെ തലയറുത്ത് രക്തം പുരട്ടി ആഘോഷം; തിരുപ്പതിയില്‍ അഞ്ച് പേര്‍ അറസ്റ്റില്‍

നന്ദമൂരി ബാലകൃഷ്ണയുടെ പോസ്റ്ററില്‍ ആടിന്റെ തലയറുത്ത് രക്തം പുരട്ടി ആഘോഷം; തിരുപ്പതിയില്‍ അഞ്ച് പേര്‍ അറസ്റ്റില്‍
സിനിമയുടെ പ്രദര്‍ശനത്തിന് മുന്‍പ് തിയേറ്ററില്‍ മൃഗബലി നടത്തിയെന്ന കേസില്‍ തിരുപ്പതിയില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. ആന്ധ്രാപ്രദേശ് പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. നന്ദമൂരി ബാലകൃഷ്ണ നായകനായി എത്തിയ 'ദാക്കു മഹാരാജ്' എന്ന സിനിമയുടെ പ്രദര്‍ശനത്തിന് മുന്നോടിയായായിരുന്നു കേസിനാസ്പദമായ സംഭവം.നായകന്റെ പോസ്റ്ററില്‍ ആരാധകര്‍ ആടിന്റെ തലയറുത്ത് രക്തം പുരട്ടിയതായാണ് കേസ്.

ജനുവരി 12 നായിരുന്നു ദാക്കു മഹാരാജ് തിയേറ്ററുകളില്‍ എത്തിയത്. പീപ്പിള്‍ ഫോര്‍ ദ എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് ആനിമല്‍സ് (പെറ്റ) നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അഞ്ച് പേരെ അറസ്റ്റ് ചെയ്തത്. ശങ്കരയ്യ, രമേഷ്, സുരേഷ് റെഡ്ഡി, പ്രസാദ്, മുകേഷ് ബാബു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൃഗബലി നടത്തിയതില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. തിയേറ്ററിന് പുറത്ത് നൂറുകണക്കിന് ആരാധകള്‍ ആഹ്ലാദ പ്രകടനം നടത്തുന്നതും ആരാധകരില്‍ ഒരാള്‍ ആടിന്റെ തലയറുക്കാന്‍ കത്തി എടുക്കുന്നതടക്കമുള്ള വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു.

തെലുങ്ക് നടനും ഹിന്ദുപുര്‍ എംഎല്‍എയുമായ ബാലകൃഷ്ണ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിന്റെ സഹോദരീ ഭര്‍ത്താവാണ്. സംക്രാന്തി ഉത്സവത്തോടനുബന്ധിച്ചാണ് ബാലകൃഷ്ണ നായകനായ ചിത്രം റിലീസ് ചെയ്തത്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മൃഗബലി നടന്നതെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത അഞ്ചുപേര്‍ക്കും ജാമ്യം ലഭിച്ചതായാണ് വിവരം.

Other News in this category



4malayalees Recommends