സ്ത്രീകളുടെ വസ്ത്രാഭിരുചിയുമായി ബന്ധപ്പെട്ട ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പരാമര്‍ശനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. താന്‍ ഭരണത്തിലെത്തിയ രണ്ട് പതിറ്റാണ്ടിനിടെ ബിഹാറിലെ സ്ത്രീകളുടെ വസ്ത്രാഭിരുചിയില്‍ വലിയ മുന്നേറ്റമുണ്ടായി എന്ന നിതീഷ് കുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് തേജസ്വി യാദവ് രംഗത്ത് വന്നത്. മുഖ്യമന്ത്രി ഫാഷന്‍ ഡിസൈനര്‍ അല്ലെന്നും ഇത്തരം പ്രതികരണങ്ങള്‍ നിതീഷിന്റെ വികൃത മനസ്സിനെയാണ് സൂചിപ്പിക്കുന്നതെന്നുമാണ് തേജസ്വി യാദവിന്റെ വിമര്‍ശനം.
പെണ്‍കുട്ടികള്‍ വളരെയേറെ ആത്മവിശ്വാസമുള്ളവരായി മാറി. അവര്‍ നന്നായി സംസാരിക്കുകയും നന്നായി വസ്ത്രം ധരിക്കുകയും ചെയ്യുന്നു. അവര്‍ ഇത്രയും നല്ല വസ്ത്രം ധരിക്കുന്നത് നേരത്തെ നിങ്ങള്‍ കണ്ടിട്ടുണ്ടോ എന്ന് നിതീഷ് കുമാര്‍ പറയുന്ന വീഡിയോ എക്‌സ് പോസ്റ്റില്‍ പങ്കുവെച്ചു കൊണ്ടാണ് തേജസ്വി യാദവിന്റെ പ്രതികരണം. സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രഗതി യാത്രയുടെ ഭാ?ഗമായി ബ?ഗുസരായി ജില്ലയില്‍ സംസാരിക്കവരെയായിരുന്നു നിതീഷ് കുമാറിന്റെ പ്രതികരണം.
ഇതിന് മറുപടിയായിട്ടായിരുന്നു ഷെയിം ഓണ്‍ നിതീഷ് കുമാര്‍ എന്ന ഹാഷ്ടാഗോടെ ഹിന്ദിയില്‍ കുറിച്ച എക്‌സ് പോസ്റ്റിലൂടെയായിരുന്നു തേജസ്വി യാദവിന്റെ പ്രതികരണം. ബിഹാറിന്റെ പെണ്‍മക്കള്‍ നേരത്തെ നല്ല വസ്ത്രങ്ങള്‍ ധരിച്ചിരുന്നില്ലെന്ന് പറയുന്നത് ശരിയല്ല. ആത്മാഭിമാനവും സ്വയംപര്യാപ്തതയും കൊണ്ട് അവര്‍ അപ്പോഴും സ്വയം മറച്ചിരുന്നു. സ്ത്രീകളുടെ ഫാഷന്‍ ഡിസൈനറായി മാറാന്‍ ശ്രമിക്കരുത്. നിങ്ങളുടെ ചിന്തകള്‍ വികൃതമാണ്. നിങ്ങളുടെ പ്രസ്താവന അപമാനമാണ് എന്നായിരുന്നു തേജസ്വി യാദവ് എക്‌സില്‍ കുറിച്ചത്.