വധഭീഷണി മുഴക്കി, 'കഴുത്തിന് കുത്തിപ്പിടിച്ച് വലിച്ചിഴച്ച് കാറില്‍ കയറ്റി, വസ്ത്രം വലിച്ചുകീറി അപഹാസ്യയാക്കി'; വെളിപ്പെടുത്തി കലാ രാജു

വധഭീഷണി മുഴക്കി, 'കഴുത്തിന് കുത്തിപ്പിടിച്ച് വലിച്ചിഴച്ച് കാറില്‍ കയറ്റി, വസ്ത്രം വലിച്ചുകീറി അപഹാസ്യയാക്കി'; വെളിപ്പെടുത്തി കലാ രാജു
വെളിപ്പെടുത്തലുമായി കൂത്താട്ടുകുളത്ത് തട്ടിക്കൊണ്ടുപോയ വനിത കൗണ്‍സിലര്‍ കലാരാജു. വനിതാ കൗണ്‍സിലര്‍മാര്‍ കഴുത്തിന് കുത്തിപ്പിടിച്ച് വലിച്ചിഴച്ചാണ് കാറില്‍ കയറ്റിയതെന്ന് കലാ രാജു പറഞ്ഞു. വൈസ് ചെയര്‍മാന്‍ സണ്ണി കുര്യാക്കോസ് വധഭീഷണി മുഴക്കിയെന്നും കലാ രാജു വെളിപ്പെടുത്തി.

വസ്ത്രം വലിച്ചുകീറി തന്നെ അപഹാസ്യയാക്കി. ഏരിയ കമ്മിറ്റി ഓഫീസിലേക്കാണ് ബലം പ്രയോഗിച്ച് കൊണ്ടുപോയത്. പൊലീസിന് വിഷയത്തില്‍ ഇടപെടാമായിരുന്നു എന്നും പക്ഷേ ഒന്നും ചെയ്തില്ലെന്നും കലാ രാജു കുറ്റപ്പെടുത്തി. നഗരസഭ ഭരണത്തില്‍ പല കാര്യങ്ങളിലും എതിര്‍പ്പുണ്ടായിരുന്നു. ആര് സംരക്ഷിക്കുന്നുവോ അവര്‍ക്കൊപ്പം നില്‍ക്കുമെന്നും കലാ രാജു പറഞ്ഞു.

ഇന്നലെ വൈകിട്ടോടെയാണ് വനിത കൗണ്‍സിലര്‍ കലാരാജു തിരിച്ചെത്തിയത്. കലാരാജുവിന്റെ കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് കേസ് എടുത്തിരുന്നു. കൂത്താട്ടുകുളം നഗരസഭയില്‍ അവിശ്വാസ പ്രമേയം ചര്‍ച്ചയ്ക്കെടുക്കാനിരിക്കെ കുറുമാറുമെന്ന് ഭയന്നാണ് കലാ രാജുവിനെ തട്ടിക്കൊണ്ടുപോയതെന്ന് മക്കള്‍ പരാതി നല്‍കിയിരുന്നു. സിപിഎം കൂത്താട്ടുകുളം ഏരിയാ സെക്രട്ടറി, നഗരസഭാ ചെയര്‍പേഴ്സണ്‍, വൈസ് ചെയര്‍മാന്‍, പാര്‍ട്ടി ലോക്കല്‍ സെക്രട്ടറി എന്നിവരടക്കം 45 പേരാണ് പ്രതികള്‍.

നഗരസഭയിലെ സിപിഎം കൗണ്‍സിലര്‍ കലാ രാജുവിന്റെ കുടുംബം നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. അതിനിടെ സംഭവത്തില്‍ വിശദീകരണവുമായി രംഗത്ത് വന്ന സിപിഎം, തങ്ങള്‍ 13 കൗണ്‍സിലര്‍മാരോടും അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ഇതുപ്രകാരം കലാ രാജു അടക്കം എല്ലാവരും പാര്‍ട്ടി ഓഫീസിലാണ് ഉണ്ടായിരുന്നതെന്നും നഗരസഭ വൈസ് ചെയര്‍മാന്‍ സണ്ണി കുര്യാക്കോസ് പ്രതികരിച്ചു. അവിശ്വാസ പ്രമേയ ചര്‍ച്ചയുടെ സമയം കഴിഞ്ഞപ്പോള്‍ കലാ രാജുവടക്കം എല്ലാവരും വീട്ടില്‍ പോയെന്നും ആരും ആരെയും തട്ടിക്കൊണ്ടുപോയില്ലെന്നുമാണ് അദ്ദേഹം വാദിച്ചത്.

കലയുടെ മകള്‍ ലക്ഷ്മിയാണ് പരാതി മുഖ്യമന്ത്രിക്കും ഡിജിപിക്കും കൈമാറിയത്. യുഡിഎഫിന് അനുകൂലമായി കലാ രാജു വോട്ടുചെയ്യുമെന്ന ഭയത്തെ തുടര്‍ന്ന് കടത്തിക്കൊണ്ടുപോയെന്നാണ് പരാതി. 13 ഭരണസമിതി അംഗങ്ങളുള്ള കൂത്താട്ടുകുളം നഗരസഭ എല്‍ഡിഎഫാണ് ഭരിക്കുന്നത്. ഇന്നത്തെ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയതിന് പിന്നാലെ തന്നെ പങ്കെടുക്കേണ്ടതില്ലെന്നാണ് എല്‍ഡിഎഫ് തീരുമാനിച്ചത്.

എന്നാല്‍ ഇതിനിടെ ഒരു എല്‍ഡിഎഫ് കൗണ്‍സിലര്‍ കൂറുമാറി യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യുമെന്ന് അറിയിച്ചു. പിന്നാലെ യുഡിഎഫ് കൗണ്‍സിലറുടെ വാഹനത്തില്‍ നഗരസഭയില്‍ വന്നിറങ്ങിയ കലാ രാജുവിനെ നഗരസഭ ചെയര്‍പേഴ്സണിന്റെ വാഹനത്തിലേക്ക് വലിച്ചു കയറ്റുകയായിരുന്നു. പൊലീസ് നോക്കിനില്‍ക്കെ ആയിരുന്നു ഈ അതിക്രമമെന്ന യുഡിഎഫ് ആരോപിക്കുന്നു.

Other News in this category



4malayalees Recommends