എന്‍എച്ച്എസ് ജീവനക്കാരുടെ അവഗണന മൂലം ബെഡ് സോര്‍ രൂപപ്പെട്ട രോഗികള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരത്തിന്റെ ബില്‍ 35 മില്ല്യണ്‍ പൗണ്ട് കടന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഒഴിവാക്കാന്‍ കഴിയുന്ന സ്‌കിന്‍ ഇന്‍ഫെക്ഷനുകളുമായി ബന്ധപ്പെട്ട് 700 കേസുകളാണ് സെറ്റില്‍ ചെയ്തതെന്നാണ് കണക്കുകള്‍ പറയുന്നത്.
അനക്കമില്ലാതെ ഒരേ സ്ഥലത്ത് കിടക്കുന്നത് മൂലമാണ് ബെഡ് സോര്‍ രൂപപ്പെടുന്നത്. ഇത് ചികിത്സിക്കാതെ പോയാല്‍ മുറിവ് രൂപപ്പെടുകയും, അസഹനീയ വേദനയ്ക്ക് ഇടയാക്കുകയും, ചില ഘട്ടങ്ങളില്‍ ജീവന്‍ അപകടത്തിലാക്കുന്ന ഇന്‍ഫെക്ഷനായി കലാശിക്കുകയും ചെയ്യും.
വിവരാവകാശ വിവരങ്ങള്‍ പ്രകാരം ലഭിച്ച കണക്കുകളിലാണ് ഈ പിഴവിന് എന്‍എച്ച്എസിന് മില്ല്യണുകള്‍ ചെലവ് വരുന്നതായി വ്യക്തമാകുന്നത്. ഷെഫീല്‍ഡ് ടീച്ചിംഗ് ഹോസ്പിറ്റല്‍സാണ് ഏറ്റവും ഉയര്‍ന്ന തുക സമ്മാനിച്ചത്. 12 കേസുകളിലായി 1.7 മില്ല്യണ്‍ പൗണ്ടാണ് നഷ്ടപരിഹാരം നല്‍കിയത്.
കിടപ്പിലായ രോഗികളെ പതിവായി തിരിച്ചുകിടത്തുകയും, സമ്മര്‍ദം കുറയ്ക്കുന്ന ഡിവൈസുകള്‍ ഉപയോഗിക്കുകയും, സ്‌കിന്‍ കെയര്‍, ന്യൂട്രിഷണല്‍ സപ്പോര്‍ട്ട് എന്നിവ നല്‍കുകയുമാണ് വേണ്ടത്. അതേസമയം ഈസ്റ്റ് സഫോക്ക് & നോര്‍ത്ത് എസെക്‌സ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റില്‍ ഇത്തരം കേസുകളില്‍ 81 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.