2025 തുടക്കത്തില്‍ ബ്രിട്ടീഷ് ഭവനവിപണിക്ക് പുത്തന്‍ ഉണര്‍വ്. പല തരത്തിലുള്ള അനിശ്ചിതാവസ്ഥകളും നിലനില്‍ക്കവെ ലിസ്റ്റ് ചെയ്യപ്പെടുന്ന വീടുകളിലെ എണ്ണത്തില്‍ കുതിപ്പ് രേഖപ്പെടുത്തിയതാണ് അപ്രതീക്ഷിതമായി മാറുന്നത്. യുകെ ഹൗസിംഗ് വിപണിയിലേക്ക് ബോക്‌സിംഗ് ഡേ മുതല്‍ തന്നെ റെക്കോര്‍ഡ് തോതില്‍ പുതിയ വില്‍പ്പനക്കാര്‍ ഒഴുകുന്നുണ്ട്.
ശരാശരി വിലയും, ധാരണയായ വില്‍പ്പനകളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വിപണിയിലെത്തിയ ശരാശരി പ്രോപ്പര്‍ട്ടികളുടെ വില 1.7% ശതമാനമാണ് ഉയര്‍ന്നത്. 5992 പൗണ്ട് വില വര്‍ദ്ധിച്ച് ശരാശരി വില 366,189 പൗണ്ടിലേക്കാണ് എത്തിയത്. 2020ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കുതിച്ചുചാട്ടമാണിതെന്ന് റൈറ്റ്മൂവ് പറയുന്നു.
ഡിസംബറില്‍ സീസണലായി വില താഴുകയും, പുതുവര്‍ഷത്തില്‍ തിരിച്ചെത്തുകയും ചെയ്യാറുണ്ട്. പലിശ നിരക്കുകള്‍ താഴുന്ന സാഹചര്യത്തില്‍ വീടുകള്‍ക്കായി ബിഡ് ചെയ്യാന്‍ ജനങ്ങള്‍ കൂടുതല്‍ ആത്മവിശ്വാസം പുലര്‍ത്തുന്നുണ്ട്. നവംബറില്‍ പണപ്പെരുപ്പം താഴ്ന്ന സാഹചര്യത്തില്‍ പലിശ ഈ വര്‍ഷം കാര്യമായി കുറയുമെന്നാണ് പ്രതീക്ഷ.
ഒരു വര്‍ഷം മുന്‍പത്തെ അപേക്ഷിച്ച് 11% അധികം വീടുകള്‍ വിപണിയില്‍ എത്തിയിട്ടുണ്ട്. കൂടാതെ അംഗീകരിച്ച വില്‍പ്പനകളുടെ എണ്ണത്തിലും 11% വര്‍ദ്ധന രേഖപ്പെടുത്തി.