വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്‍ ജീവനൊടുക്കിയ കേസ് ; കെ സുധാകരനെ ചോദ്യം ചെയ്യും

വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്‍ ജീവനൊടുക്കിയ കേസ് ; കെ സുധാകരനെ ചോദ്യം ചെയ്യും
വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്‍ ജീവനൊടുക്കിയ കേസില്‍ കെ സുധാകരനെ ചോദ്യം ചെയ്‌തേക്കും. എന്‍ എം വിജയന്‍ തന്റെ സാമ്പത്തിക ബാധ്യത വിശദീകരിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന് നല്‍കിയ കത്തിന്റെ വിശദാംശങ്ങള്‍ തേടുന്നതിനാണ് പൊലീസ് നീക്കം. സാമ്പത്തിക ബാധ്യതകള്‍ വിശദീകരിച്ച് നേരത്തെ രണ്ട് തവണ എന്‍ എം വിജയന്‍ കെ സുധാകരന് കത്തയച്ചിരുന്നു.

എന്‍ എം വിജയന്റെ കത്ത് വായിച്ചിരുന്നുവെന്ന് നേരത്തെ കെ സുധാകരന്‍ സമ്മതിച്ചിരുന്നു. കത്തില്‍ പുറത്ത് പറയേണ്ട കാര്യങ്ങള്‍ ഒന്നുമില്ലെന്നും കെ സുധാകരന്‍ പറഞ്ഞിരുന്നു. നേരത്തെ തന്നെ വിഷയം ചര്‍ച്ച ചെയ്തിരുന്നു. സമചിത്തത പാലിക്കണമെന്ന് നേതാക്കളോട് പറഞ്ഞിരുന്നു. പച്ചമലയാളത്തില്‍ എല്ലാവരും തൂങ്ങും, മാന്യമായി കൈകാര്യം ചെയ്യണമെന്ന് പറഞ്ഞിരുന്നു. ഐസി ബാലകൃഷ്ണനോട് ഉള്‍പ്പെടെ ഇക്കാര്യം പറഞ്ഞിരുന്നുവെന്നും കെ സുധാകരന്‍ പ്രതികരിച്ചിരുന്നു.

വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്‍ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികളായ കോണ്‍ഗ്രസ്സ് നേതാക്കളുടെ ചോദ്യം ചെയ്യല്‍ രണ്ടാം ദിവസവും തുടരും. കേസിലെ രണ്ടാം പ്രതി ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍, മൂന്നാം പ്രതി മുന്‍ കോണ്‍ഗ്രസ്സ് നേതാവ് കെ കെ ഗോപിനാഥന്‍ എന്നിവരെ ഇന്നലെയും ചോദ്യം ചെയ്തിരുന്നു. അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിനോട് പ്രതികള്‍ പൂര്‍ണമായി സഹകരിച്ചു എന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. അതേ സമയം കെകെ ഗോപിനാഥന്റെ വീട്ടില്‍ നിന്ന് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെത്തിയെന്ന് സൂചനയുണ്ട്.

Other News in this category



4malayalees Recommends