മാരാമണ്‍ കണ്‍വെന്‍ഷന്‍; യുവജന സമ്മേളനത്തില്‍ നിന്നും വി ഡി സതീശനെ ഒഴിവാക്കി
മാരാമണ്‍ കണ്‍വന്‍ഷന്‍ യുവജനസഖ്യം യുവവേദി പരിപാടിയില്‍ നിന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഒഴിവാക്കി. കമ്മിറ്റിയിലെ ഒരു വിഭാഗത്തിന്റെ എതിര്‍പ്പ് മൂലമാണ് വി ഡി സതീശനെ പരിപാടിയില്‍ നിന്ന് ഒഴിവാക്കിയത്.
ഇടതുപക്ഷ അനുഭാവമുള്ള യുവ ജനസഖ്യം കമ്മിറ്റി അംഗങ്ങള്‍ സതീശനെ അതിഥിയായി ക്ഷണിച്ചത് എതിര്‍ത്തതായാണ് സൂചന. ഫെബ്രുവരി 15നാണ് യുവവേദിയുടെ പരിപാടി നടക്കുക. ഈ പരിപാടിയ്ക്ക് ക്ഷണിക്കപ്പെട്ട അതിഥിയായി വി ഡി സതീശനെ ഉള്‍പ്പെടുത്തേണ്ട എന്നാണ് മാര്‍ത്തോമാ സഭയുടെ തീരുമാനം.
നേരത്തെ, മാരാമണ്‍ കണ്‍വെന്‍ഷനില്‍ വേദിയില്‍ പ്രസംഗിക്കാന്‍ വി ഡി സതീശന് അവസരം ലഭിച്ചിരുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അത്യപൂര്‍വമായി മാത്രമാണ് രാഷ്ട്രീയ നേതാക്കള്‍ക്ക് കണ്‍വെന്‍ഷന്‍ വേദിയില്‍ പ്രസംഗിക്കാന്‍ അവസരം ലഭിക്കാറുള്ളത്. നേരത്തെ സാമുദായിക വേദികളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പ്രാധാന്യം കിട്ടുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയായിരുന്നു വി ഡി സതീശന് മാരാമണ്‍ വേദിയില്‍ ഇടം ലഭിച്ചുവെന്ന പ്രചാരണം ഉണ്ടായത്. ഇത് കോണ്‍ഗ്രസിലെ ഒരു വിഭാഗം വ്യാപകമായി പ്രചരിച്ചിരുന്നു. രമേശ് ചെന്നിത്തലയ്ക്ക് എന്‍എസ്എസ് വേദിയിലും സമസ്ത വേദികളിലും ക്ഷണം ലഭിച്ചതിനെ കോണ്‍ഗ്രസിലെ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട ചര്‍ച്ചയുടെ ഭാഗമായി മാധ്യമങ്ങള്‍ അടക്കം വിലയിരുത്തിയിരുന്നു. ഈ സമയത്താണ് മാരാമണ്‍ കണ്‍വെന്‍ഷനില്‍ വി ഡി സതീശന് ക്ഷണം ലഭിച്ചുവെന്ന വിവരവും വലിയ പ്രധാന്യത്തോടെ പ്രചരിക്കപ്പെട്ടത്.