തന്റെ ഭര്‍ത്താവ് തനിക്ക് 'വനിതാ നികുതി' നല്‍കുന്നുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് യുകെ സ്വദേശിയായ കാമില ദോ റൊസാരിയോ എന്ന യുവതി. യുവതിയുടെ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുകയാണ് ഇപ്പോള്‍. അമ്മയായതിന് ശേഷമുള്ള ശാരീരികമായും വൈകാരികവുമായുള്ള വെല്ലുവിളികളെ നേരിടുന്നതിനായാണ് മാസം തോറും ഈ തുക തനിക്ക് നല്‍കുന്നതെന്ന് കാമില വെളിപ്പെടുത്തി. സ്ത്രീകള്‍ സ്വന്തം പരിചണത്തിന് പ്രധാന്യം നല്‍കേണ്ടതിലേക്ക് ഇത് വെളിച്ചം വീശുന്നു.
ഓരോ രണ്ട് ആഴ്ച കൂടുമ്പോഴും ഏകദേശം 9000 രൂപയാണ് കാമില്ലയുടെ ഭര്‍ത്താവ് അവര്‍ക്ക് നല്‍കുന്നത്(85 പൗണ്ട്). ഒരു വര്‍ഷം ആകെ 2.63 ലക്ഷം രൂപ വരുമിത്. തന്റെ ചെലവുകള്‍ നടത്തുന്നതിനാണ് ഈ തുക ഉപയോഗിക്കുന്നതെന്ന് അവര്‍ പറഞ്ഞു. മാനിക്യൂര്‍, പെഡിക്യൂര്‍ ഉള്‍പ്പെടെയുള്ളവയ്ക്കായി ഈ തുക നീക്കി വയ്ക്കുന്നു. അമ്മയായതിന് ശേഷമുള്ള സമ്മര്‍ദങ്ങള്‍ അകറ്റി നിര്‍ത്തുന്നതിന് ഇത് സഹായിക്കുന്നതായും അവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ അവകാശപ്പെട്ടു.
''എനിക്ക് എല്ലാ മാസവും ആര്‍ത്തവം ഉണ്ടാകുന്നുണ്ട്. രണ്ട് തവണ ഗര്‍ഭം ധരിച്ചു. ഗര്‍ഭകാലത്ത് ഭൂരിഭാഗം ദിവസവും ഛര്‍ദിച്ച് കിടക്കുകയായിരുന്നു. ഇതിന് ശേഷം രണ്ട് തവണ സി-സെക്ഷനുകള്‍ നടത്തി. ഇതിനെല്ലാമായുള്ള നഷ്ടപരിഹാരമാണ് വനിതാ നികുതിയായി നല്‍കുന്നത്,'' അവര്‍ പറഞ്ഞു.
എന്നാല്‍, താനല്ല മറിച്ച് തന്റെ ഭര്‍ത്താവാണ് ഇങ്ങനെയൊരു ആശയം മുന്നോട്ട് വെച്ചതെന്ന് കാമില പറഞ്ഞു. മാതാപിതാക്കളെന്ന നിലയില്‍ തങ്ങളുട ഉത്തരവാദിത്വങ്ങള്‍ മനസ്സിലാക്കി ഒരു സന്തുലിതമായ ക്രമീകരണം നടത്താന്‍ തന്റെ പങ്കാളി ആഗ്രഹിച്ചതായി അവര്‍ കൂട്ടിച്ചേര്‍ത്തു. നഖങ്ങള്‍ അലങ്കരിക്കുന്നത് പോലെയുള്ള ചെറിയ വ്യക്തിപരമായ കാര്യങ്ങള്‍ക്ക് ഈ തുക ഉപയോഗിക്കുന്നതായി അവര്‍ പറഞ്ഞു. സ്വയം പരിചരണത്തിന് സമയം നീക്കി വയ്ക്കുന്നത് മാതൃത്വത്തിലെ വെല്ലുവിളികള്‍ നേരിടാന്‍ സഹായിക്കുമെന്ന് കാമില വിശ്വസിക്കുന്നു. ''മാനിക്യൂര്‍, പെഡിക്യൂര്‍ എന്നിവ ചെയ്യുന്നത് എന്നെ എത്രമാത്രം സന്തോഷിപ്പിക്കുമെന്ന് എനിക്ക് വിശദീകരിക്കാന്‍ കഴിയില്ല. ഒരാഴ്ച നീളുന്ന ആര്‍ത്തവം നേരിടുന്നതിനും അത് വളരെയധികം സഹായിക്കുകയും ചെയ്യുന്നു,'' കാമില പറഞ്ഞു.
ആര്‍ത്തവം, ഗര്‍ഭധാരണം, പ്രസവം, അമ്മയായതിന് ശേഷം കുഞ്ഞുങ്ങളെ പരിചരിക്കുന്ന സമയം എന്നിവയെല്ലാം സ്ത്രീകള്‍ക്ക് ഏറെ ബുദ്ധിമുട്ട് ഉള്ള സമയമാണെന്നും എന്നാല്‍ പുരുഷന്മാര്‍ ഇതില്‍ നിന്നെല്ലാം രക്ഷപ്പെട്ടതാണെന്നും അതിനാല്‍ അവര്‍ വനിതാ നികുതി അടയ്ക്കണമെന്നും കാമില തന്റെ വീഡിയോയില്‍ ആവശ്യപ്പെട്ടു.