ഇംഗ്ലണ്ടില്‍ 3 ഡസനിലേറെ പുതിയ എന്‍എച്ച്എസ് ആശുപത്രികള്‍ നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ വൈകിപ്പിച്ച് ഗവണ്‍മെന്റ്. ചില പ്രൊജക്ടുകള്‍ നിര്‍മ്മാണം ആരംഭിക്കാന്‍ 14 വര്‍ഷം വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് ഗവണ്‍മെന്റ് പ്രഖ്യാപിച്ചിരിക്കുന്നത്.
2019 തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലാണ് കണ്‍സര്‍വേറ്റീവുകള്‍ 2030 ആകുന്നതോടെ 40 പുതിയ എന്‍എച്ച്എസ് ആശുപത്രികള്‍ നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ ഈ പദ്ധതി താങ്ങാന്‍ കഴിയില്ലെന്നാണ് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് വ്യക്തമാക്കുന്നത്. ടോറികള്‍ വ്യാജ പ്രതീക്ഷ നല്‍കുകയാണ് ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
21 സ്‌കീമുകള്‍ മുന്നോട്ട് പോകുമെന്നും, ബാക്കിയുള്ള 25 പ്രൊജക്ടുകളുടെ ഭാവി നിര്‍ണ്ണയിക്കേണ്ടി വരുമെന്നും ലേബര്‍ സെപ്റ്റംബറില്‍ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ 18 പ്രൊജക്ടുകള്‍ നിര്‍മ്മാണം തുടങ്ങാന്‍ 2032 വരെയോ, അതിന് അപ്പുറത്തേക്കോ കാത്തിരിക്കേണ്ടി വരുമെന്നാണ് ഹെല്‍ത്ത് സെക്രട്ടറി ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.
എന്നാല്‍ വാഗ്ദാനങ്ങള്‍ ലംഘിക്കുന്ന ലേബര്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ നിക്ഷേപത്തിന് തയ്യാറാകണമെന്ന് ടോറികള്‍ ആവശ്യപ്പെട്ടു. പദ്ധതിക്ക് ആവശ്യമായ ഫണ്ട് പോലും നല്‍കാതെ നടപ്പാക്കാന്‍ ബുദ്ധിമുട്ടാക്കി മാറ്റിയത് കണ്‍സര്‍വേറ്റീവുകളാണെന്ന് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് ആരോപിച്ചു.
'കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഒരു പുതിയ ആശുപത്രി പോലും നിര്‍മ്മിച്ചില്ല. അടുത്ത അഞ്ച് വര്‍ഷം 40 കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ ഫണ്ടിംഗ് പ്ലാനുമില്ല. അതിനാല്‍ സത്യസന്ധമായി എന്‍എച്ച്എസിനെ പുനര്‍നിര്‍മ്മിക്കാനുള്ള പദ്ധതിയാണ് അവതരിപ്പിക്കുന്നത്', സ്ട്രീറ്റിംഗ് പറഞ്ഞു.
അതേസമയം ലേബര്‍ ഗവണ്‍മെന്റിന്റെ പ്രഖ്യാപനം ട്രസ്റ്റുകള്‍ക്കും, ജീവനക്കാര്‍ക്കും, രോഗികള്‍ക്കും സുപ്രധാന ആഘാതമാണെന്ന് എന്‍എച്ച്എസ് പ്രൊവൈഡേഴ്‌സിലെ സാഫ്രോണ്‍ കോര്‍ഡെറി പ്രതികരിച്ചു.