ഓസ്‌ട്രേലിയയില്‍ നിന്നുള്ള കയറ്റുമതിയ്ക്ക് അമേരിക്ക തീരുവ ചുമത്തില്ലെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ്. അമേരിക്കന്‍ പ്രസിഡന്റായി അധികാരത്തിലേറിയ ഡൊണാള്‍ഡ് ട്രംപ് ഇറക്കുമതി തീരുവയുടെ കാര്യം ആവര്‍ത്തിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
അമേരിക്കയുടെ സാമ്പത്തിക താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് പത്തുശതമാനം നികുതി ഏര്‍പ്പെടുത്താനാണ് സ്ഥാനാരോഹണ പ്രസംഗത്തില്‍ ട്രംപ് പറഞ്ഞത്.
ട്രംപിന്റെ പ്രഖ്യാപന പ്രകാരം ഓസ്‌ട്രേലിയന്‍ ഉല്‍പ്പന്നങ്ങള്‍ക്കും തീരുവ ഉണ്ടാകും. എന്നാല്‍ ഇരുരാജ്യങ്ങളും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാര്‍ നിലവിലുള്ളതും ഓസ്‌ട്രേലിയയുമായുള്ള വ്യാപാരത്തിലൂടെ അമേരിക്കയ്ക്ക് നിലവില്‍ തന്നെ സാമ്പത്തിക ലാഭമുള്ളതും കണക്കിലെടുത്ത് ഇളവു നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആല്‍ബനീസ് വ്യക്തമാക്കി.
ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുത്ത വിദേശകാര്യമന്ത്രി പെന്നി വോങ്ങ് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയാകുന്ന മാര്‍ക്കോ റൂബിയുമായി കൂടിക്കാഴ്ച നടത്തുന്നുമുണ്ട്.