12 ഫെഡറല്‍ നിരീക്ഷക സമിതികള്‍ പിരിച്ചുവിട്ടു, നോട്ടീസ് പോലും നല്‍കാതെ ; നാലു വര്‍ഷം കൊണ്ട് ബൈഡന്‍ സര്‍ക്കാരിന് ചെയ്യാന്‍ കഴിയാത്തത് താന്‍ ഒരാഴ്ച കൊണ്ട് ചെയ്തെന്ന് ട്രംപ്
അധികാരത്തിലേറി കടുത്ത തീരുമാനങ്ങളെടുത്ത് ഞെട്ടിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കുടിയേറ്റത്തിലും വിദേശ സഹായത്തിലുമെല്ലാം കടുത്ത തീരുമാനങ്ങള്‍ സ്വീകരിച്ച ട്രംപ് ഇപ്പോള്‍ അമേരിക്കന്‍ ഭരണ നിര്‍വഹണത്തിലും പൊളിച്ചെഴുത്ത് നടത്തുകയാണ്. ഇതിന്റെ ആദ്യ പടിയായി 12 ഫെഡറല്‍ നിരീക്ഷക സമിതികള്‍ പിരിച്ചുവിട്ടു. 12 ഫെഡറല്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍മാരുടെ സമിതികളാണ് ഒറ്റയടിക്ക് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പിരിച്ചുവിട്ടത്.
നാലു വര്‍ഷം കൊണ്ട് ബൈഡന്‍ സര്‍ക്കാരിന് ചെയ്യാന്‍ കഴിയാത്തത് താന്‍ ഒരാഴ്ച കൊണ്ട് ചെയ്തെന്ന് പറഞ്ഞുകൊണ്ടാണ് ട്രംപ് തീരുമാനം അറിയിച്ചത്. താന്‍ കാര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങിയിട്ടേ ഉള്ളൂ എന്ന പ്രഖ്യാപനവും ട്രംപ് നടത്തി. എന്നാല്‍ ട്രംപിന്റെ ഈ നടപടി ഉദ്യോഗസ്ഥരുടെ രോഷത്തിനും നിയമപരമായ ആശങ്കകള്‍ക്കും കാരണമായിട്ടുണ്ട്. വിമര്‍ശകര്‍ ഇതിനെ 'ചില്ലിംഗ് ശുദ്ധീകരണം' എന്നാണ് വിശേഷിപ്പിച്ചത്.
ഇത്തരം പിരിച്ചുവിടലുകള്‍ക്ക് മുമ്പ് 30 ദിവസത്തെ നോട്ടീസ് നല്‍കണമെന്നാണ് നിയമമെന്നും വിമര്‍ശകര്‍ ചൂണ്ടികാട്ടി. എന്നാല്‍ ഒറ്റ ദിവസത്തിലാണ് ട്രംപ് നടപടി കൈക്കൊണ്ടത്. ഇത് നിയമപരമായി തെറ്റാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ട്രംപിന്റെ ആദ്യ ടേമിലാണ് ഇപ്പോള്‍ പിരിച്ചുവിട്ട ഇന്‍സ്‌പെക്ടര്‍ ജനറലുമാരില്‍ മിക്കവാറുമെല്ലാവരെയും നിയമിച്ചതെന്നാണ് വിവരം.