കാത് കുത്താനായി അനസ്‌തേഷ്യ നല്‍കി; ആറ് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം, ഡോക്ടര്‍ക്കെതിരെ ആരോപണവുമായി കുടുംബം

കാത് കുത്താനായി അനസ്‌തേഷ്യ നല്‍കി; ആറ് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം, ഡോക്ടര്‍ക്കെതിരെ ആരോപണവുമായി കുടുംബം
കാത് കുത്താനായി അനസ്‌തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് ആറ് മാസം പ്രായമുളള കുഞ്ഞ് മരിച്ചു. ?കര്‍ണാടകയിലെ ചാമരാജനഗര്‍ ജില്ലയിലാണ് സംഭവം. ഗുണ്ടല്‍പേട്ട് താലൂക്കിലെ ഹംഗല സ്വദേശികളായ ആനന്ദ്, ശുഭ എന്നിവരുടെ ആണ്‍ കുഞ്ഞാണ് മരിച്ചത്. കുഞ്ഞിന് അനസ്‌തേഷ്യ ഓവര്‍ഡോസ് നല്‍കിയതാണ് മരണ കാരണമെന്ന് മാതാപിതാക്കള്‍ ആരോപിച്ചു.

ഗുണ്ടല്‍പേട്ടിലെ ബൊമ്മലപുര പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ നിന്നാണ് കാതുകുത്താനായി കുഞ്ഞിന് അനസ്‌തേഷ്യ നല്‍കിയത്. അനസ്‌തേഷ്യ നല്‍കിയ ശേഷം കുഞ്ഞിന്റെ രണ്ട് കാതും കുത്തി. പെട്ടെന്ന് കുഞ്ഞിന് ബോധം പോയെന്ന് മാതാപിതാക്കള്‍ പറയുന്നു. ഉടന്‍ അടുത്തുളള താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞ് മരണപ്പെട്ടുവെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു. ഡോക്ടറുടെ വീഴ്ചയാണ് കുട്ടിയുടെ മരണത്തിന് കാരണമെന്ന് ആരോപിച്ച് കുടുംബം പ്രതിഷേധിച്ചു.

ഹെല്‍ത്ത് സെന്ററിലെ ഡോക്ടറെ പുറത്താക്കണമെന്നും കൃത്യമായ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടു. കാതു കുത്തുമ്പോഴുണ്ടാകുന്ന വേദന തടയുന്നതിനായി ഡോക്ടര്‍ കുട്ടിക്ക് അനസ്‌തേഷ്യ നല്‍കിയതായി താലൂക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ അലീം പാഷയും പറഞ്ഞു. പിന്നീട് അപസ്മാര ലക്ഷണങ്ങള്‍ കാണിച്ച കുട്ടി മരണപ്പെട്ടു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ മരണകാരണം വ്യക്തമാവുകയുളളു. സംഭവത്തില്‍ അന്വേഷണം നടത്തി വീഴ്ച കണ്ടെത്തിയാല്‍ ഡോക്ടര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും താലൂക്ക് മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.

Other News in this category



4malayalees Recommends