വീട്ടുമുറ്റത്തേക്ക് ഇറങ്ങാനാവാത്ത സ്ഥിതി. രാപ്പകല്‍ ഇല്ലാതെ പാമ്പുകള്‍ വാതിലില്‍ എത്തിയതിന് പിന്നാലെ നടത്തിയ പരിശോധനയില്‍ വീട്ടുപരിസരത്ത് നിന്ന് കണ്ടെത്തിയത് 102 പാമ്പുകളെ. കുട്ടികള്‍ക്ക് പോലും പുറത്തിറങ്ങാനാവാത്ത സ്ഥിതിയായതോടെയാണ് വീട്ടുടമ പാമ്പ് പിടുത്തക്കാരുടെ സഹായം തേടിയത്. സിഡ്‌നിയിലാണ് സംഭവം. ഡേവിഡ് സ്റ്റീന്‍ എന്നയാളുടെ സിഡ്‌നിയിലെ വീട്ടുപരിസരത്ത് നിന്നാണ് വലിയ രീതിയില്‍ പാമ്പുകളെ കണ്ടെത്തിയത്.
ഓസ്‌ട്രേലിയയുടെ കിഴക്കന്‍ മേഖലയില്‍ സാധാരണമായി കണ്ടുവരുന്ന റെഡ്-ബെല്ലിഡ് ബ്ലാക്ക് പാമ്പുകളെയാണ് സിഡ്‌നിയിലെ വീട്ടില്‍ നിന്ന് പിടികൂടിയത്. പൂര്‍ണ വളര്‍ച്ചയെത്തിയ 5 പാമ്പുകളും 97 നവജാത പാമ്പുകളും അടങ്ങുന്ന 102 പാമ്പുകളെയാണ് ഇവിടെ നിന്ന് പിടികൂടിയത്. റെപ്‌റ്റൈല്‍ റീലൊക്കേഷന്‍ സിഡ്‌നി എന്ന സ്ഥാപനത്തില്‍ നിന്നുള്ള ജീവനക്കാരാണ് പാമ്പുകളെ പിടികൂടിയത്. പ്രസവിക്കുന്ന വിഷ പാമ്പുകളുടെ ഇനത്തിലാണ് ഇവ ഉള്‍പ്പെടുന്നത്. ഇതുവരെ കാണാത്ത രീതിയിലാണ് ഇത്രയധികം പാമ്പുകളെ കണ്ടെത്തിയതെന്നാണ് റെപ്‌റ്റൈല്‍ റീലൊക്കേഷന്‍ സിഡ്‌നി ജീവനക്കാര്‍ വിശദമാക്കുന്നത്.
പിടികൂടി ബാഗിലാക്കിയ ശേഷം ഒരു പെണ്‍ പാമ്പ് നിരവധി കുഞ്ഞുങ്ങള്‍ക്കും രക്ഷാപ്രവര്‍ത്തനത്തിനിടെ ജന്മം നല്‍കിയതും രക്ഷാപ്രവര്‍ത്തകരെ അമ്പരപ്പിച്ചിട്ടുണ്ട്. സിഡ്‌നിയില്‍ നിന്ന് 33 കിലോമീറ്റര്‍ അകലെയാണ് ഡേവിഡ് സ്റ്റീന്‍ താമസിച്ചിരുന്നത്. വ്യാഴാഴ്ചയാണ് പാമ്പുകളെ വീട്ടുപരിസരത്ത് നിന്ന് മാറ്റിയത്. ആറ് പാമ്പുകള്‍ എന്ന ധാരണയില്‍ ആരംഭിച്ച രക്ഷാപ്രവര്‍ത്തനത്തില്‍ പല പ്രായത്തിലുള്ള 102 കണ്ടതിന്റെ അമ്പരപ്പിലാണ് വീട്ടുകാരുള്ളത്. പിടികൂടിയ പാമ്പുകളെ ദേശീയ പാര്‍ക്കില്‍ തുറന്ന് വിടുമെന്ന് അധികൃതര്‍ വിശദമാക്കിയിട്ടുള്ളത്.
സാധാരണ ഗതിയില്‍ കുറ്റിക്കാടുകളിലും വനമേഖലകളിലും ചതുപ്പുകളിലും നദീതീരത്തുമെല്ലാം സജീവമായി കാണുന്ന ഇവയെ ജനവാസ മേഖലയ്ക്ക് സമീപത്ത് അപൂര്‍വ്വമായാണ് കണ്ടെത്താറ്.